പൂവാർ: കനത്ത മഴയും കാറ്റും ഉണ്ടാവുമെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽപോയി. കരുംകുളം പുല്ലുവിള തീരത്തെ മത്സ്യത്തൊഴിലാളികളാണ് തിങ്കളാഴ്ച വൈകീട്ടോടെ മത്സ്യബന്ധനത്തിന് പോയത്.

മീൻപിടിത്തക്കാരുടെ വള്ളങ്ങൾ കടലിൽ പോകുമ്പോഴും ശക്തമായ മഴയുണ്ട്. തിരമാലയും ശക്തമായിരുന്നു. കരുംകുളം പുല്ലുവിള കടപ്പുറത്ത് നിന്ന് നിരവധി വള്ളങ്ങൾ ഞായറാഴ്ച വൈകീട്ടും മീൻപിടിത്തത്തിനിറങ്ങി. പ്രതികൂല കാലാവസ്ഥയിൽ വളരെ ബുദ്ധിമുട്ടിയാണ് വള്ളങ്ങൾ കടലിൽ ഇറക്കിയത്.

അഞ്ച് ദിവസമായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതിനാൽ കടലിൽ പോയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത് ഇവരുടെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കും. അതിനാലാണ് കാലാവസ്ഥ അനുകൂലമല്ലെങ്കിലും കടലിൽ പോകുന്നതിന് കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ഗജചുഴലിക്കാറ്റിനെതിരേ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ കഴിഞ്ഞദിവസംവരെ മത്സ്യത്തൊഴിലാളികളൊന്നും കടലിൽ പോയിരുന്നില്ല.