പൂവാർ: കാറ്റും മഴയും തുടരുന്നതിനാൽ കടലിൽ പോകാനാവാതെ അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള നൂറ്കണക്കിന് മീൻപിടിത്തത്തൊഴിലാളികൾക്ക് തിങ്കളാഴ്ചയും കടലിൽ പോകാനായില്ല. ഞായറാഴ്ച രാത്രിയിലും മഴപെയ്തു. കടലിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു.

ട്രോളിങ് നിരോധനമായതിനാൽ ഇപ്പോൾ വള്ളങ്ങളിലാണ് മീൻപിടിത്തം. തിങ്കളാഴ്ച രാവിലെ കടലിൽ പോകാൻ കരുംകുളം, പുല്ലുവിള, അടിമലത്തുറ എന്നിവിടങ്ങളിലെ തൊഴിലാളികൾ വള്ളങ്ങൾ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ ഇവർക്ക് വള്ളങ്ങളോ കട്ടമരങ്ങളോ ഇറക്കാനാവാത്ത സ്ഥിതിയായി.

കാലാവസ്ഥ വകവയ്ക്കാതെ കടലിൽപോയ മത്സ്യത്തൊഴിലാളികളും പൂവാർ, കരുംകുളം, പള്ളം തീരങ്ങളിലുണ്ട്. ഇനിയും കടലിൽ പോയില്ലെങ്കിൽ കുടുംബം പട്ടിണിയിലാവുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതുകൊണ്ടാണ് മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് പലരും മീൻപിടിത്തത്തിന് ഇറങ്ങുന്നത്. കൂടാതെ ശനിയാഴ്ച വീശിയടിച്ച കാറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് ഏറെ നാശനഷ്ടങ്ങളും ഉണ്ടായി. എങ്കിലും വരുംദിവസങ്ങളിൽ കടലിൽപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണിവർ.