കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഭരണിക്കാവ് ഏലായിൽ നെൽകൃഷിയിറക്കി. വർഷങ്ങളായി തരിശ് കിടന്ന എട്ട് ഹെക്ടറോളം വരുന്ന പാടശേഖരത്തിലാണ് ഞാറ് നട്ടത്. ഒരു കാലത്ത് നാവായിക്കുളം പഞ്ചായത്തിന്റെ നെല്ലറയായിരുന്നു ഇവിടെ. നെൽപ്പാടങ്ങൾ ഉദ്‌പാദനച്ചെലവും വരുമാനവും കൂടുതലായതിനാൽ നെൽക്കൃഷി നാശത്തിന്റെ വക്കിലായി. എങ്കിലും പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന കർഷകർ കൃഷിയിറക്കാൻ തയാറായെങ്കിലും കൃഷി വ്യാപകമല്ലാത്തതും നഷ്ടവും കാരണം പിൻമാറുകയായിരുന്നു.

നെൽക്കൃഷിയെ സ്നേഹിച്ചിരുന്നവരും കർഷക സമിതിയും സംരക്ഷണ സമിതിയും നിരന്തരം ശ്രമം നടത്തിയിട്ടും കർഷകർ മുന്നോട്ടു വരാത്തതിനെത്തുടർന്ന് പാടശേഖര സമിതി ഭാരവാഹികളായ എം.ആർ.നിസാർ, എ.ജെ.ജിഹാദ് എന്നിവരുടെ ശ്രമഫലമായി നെൽവയലുകൾ ഏറ്റെടുക്കുകയും കൃഷി ചെയ്യാൻതത്‌പരരായ വരെ കണ്ടെത്തി കൃഷി തുടങ്ങുകയും ചെയ്തു. കൃഷി വകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് പദ്ധതി.

ഹെക്ടറിന് 20,000 രൂപ കാർഷികച്ചെലവായി കർഷകന് ലഭിക്കും. മെച്ചപ്പെട്ട വിളവ് തരുന്ന ഉമ നെൽവിത്ത് പ്ലാസ്റ്റിക് ഷീറ്റിൽ പ്രത്യേക സംവിധാനത്തിൽ തട്ടുകളായി പാകി ഇരുപത് ദിവസം പ്രായമാകുമ്പോൾ ഞാറുനടീൽ യന്ത്രമുപയോഗിച്ച് നടീൽ രീതിയാണ് ഉപയോഗിച്ചത്. ഏതായാലും കാലങ്ങൾക്കു ശേഷം പുതുതായി ഒരുക്കിയ പാടവരമ്പിലൂടെ നടക്കാനും തിരികെ വരില്ലെന്ന് കരുതിയ പച്ചപ്പ് കണ്ട് ആസ്വദിക്കാനും കഴിഞ്ഞ സംതൃപ്തിയിലാണ് കൃഷിയെ സ്നേഹിക്കുന്നവരും പാടശേഖര സമിതിയും.

Content Highlight: farming in bharanikkavu Kallampalam