പൂവാർ: പൂവാർ മുതൽ അടിമലത്തുറവരെയുള്ള കടൽത്തീരത്തു നിറഞ്ഞ മാലിന്യത്തിൽ പ്ലാസ്റ്റിക് മുതൽ ഇലക്ട്രോണിക്-ഇലക്ട്രിക് ഉപകരണങ്ങൾവരെ. പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാവുന്നതരത്തിലാണ് കടൽത്തീരത്താകെ മാലിന്യം ഉപേക്ഷിക്കുന്നത്.

ഖരമാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ചാണ് കടലിലും തീരത്തുമായി വലിച്ചെറിയുന്നത്. ഇലട്രിക്, ഇലട്രോണിക് അവശിഷ്ടങ്ങൾ കടലിലേക്കു വലിച്ചെറിയുന്നു. പൂവാർ പൊഴിക്കര മുതൽ അടിമലത്തുറവരെയുള്ള കടൽത്തീരത്താണ് ഇത്തരത്തിലുള്ള മാലിന്യം അടിഞ്ഞിരിക്കുന്നത്. കടലിൽ വലിച്ചെറിയുന്ന മാലിന്യം മുഴുവൻ തിരയിൽ കടൽത്തീരത്തടിയുന്നു. ഇവയിലെ ഭക്ഷണാവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിവലിച്ച് ജനവാസമേഖലകളിൽ കൊണ്ടിടുന്നു. തീരദേശത്തെ ഹോട്ടലുകൾ, ഇറച്ചിവെട്ടുകേന്ദ്രങ്ങൾ മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം മുഴുവൻ ഇപ്പോൾ രഹസ്യമായി കടലിലാണ് ഉപേക്ഷിക്കുന്നത്.

വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം പൂവാർ മുതലുള്ള ആളൊഴിഞ്ഞ തീരത്തുനിന്നാണ് വലിച്ചെറിയുന്നത്. തീരദേശവാസികളും പ്ലാസ്റ്റിക് മാലിന്യവും ഉപയോഗശൂന്യമായ ഇലക്ട്രിക് ഉപകരണങ്ങൾ ഫ്രിഡ്ജിന്റെ അവശിഷ്ടങ്ങൾ തുടങ്ങിയവ കടലിലാണ് ഉപേക്ഷിക്കുന്നത്. തീരദേശത്തെ അഴുക്കുചാലുകൾ മുഴുവനും കടലിലേക്കാണ് തുറന്നുവിട്ടിട്ടുള്ളത്. കടലിൽ ഉപേക്ഷിക്കുന്ന മാലിന്യംതേടി തെരുവുനായ്ക്കളും കൂട്ടത്തോടെ തീരപ്രദേശങ്ങളിൽ എത്തുന്നു. ഇത്തരത്തിലെത്തുന്ന തെരുവുനായ്ക്കൾ തീരദേശവാസികൾക്കാകെ ഭീഷണിയുമാണ്. മാലിന്യംതേടി തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുന്നത് പ്രദേശവാസികൾക്ക് പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

ഇത്തരത്തിൽ മാലിന്യംതേടിയെത്തിയ തെരുവുനായ്ക്കൾ തീരദേശവാസികളെ കടിച്ചുകൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കടൽത്തീരത്തേക്ക്‌ അടിഞ്ഞുകയറുന്ന മാലിന്യം കടപ്പുറത്തുകിടന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം ഉണ്ടാക്കുന്നു. ഇതിൽനിന്നുള്ള ഈച്ചയും പുഴുക്കളും കടപ്പുറം മുഴുവൻ നിറയുന്നു.