വർക്കല: ആറ്റിങ്ങൽ ഭാഗത്തുനിന്നു വന്ധ്യംകരണത്തിനായി തെരുവുനായകളെ ഇലകമണിൽ കൊണ്ടുവന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം. നായകളെക്കൊണ്ടുവന്ന വാഹനം നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് പോലീസിടപെട്ട് തിരികെയയച്ചു.

ഇലകമൺ പഞ്ചായത്തിലെ കരവാരം മൃഗാശുപത്രിയോടനുബന്ധിച്ചുള്ള സർജിക്കൽ ബ്ലോക്കിലാണ് ശനിയാഴ്ച തെരുവുനായകളെ കൊണ്ടുവന്നത്. ആറ്റിങ്ങലിൽ വന്ധ്യംകരണത്തിന് സൗകര്യമുള്ളപ്പോൾ അവിടെനിന്ന്‌ ഇലകമണിലേക്ക് നായകളെ കൊണ്ടുവന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.

വർക്കല താലൂക്കിൽ ഇലകമൺ മൃഗാശുപത്രിയിലാണ് ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതിപ്രകാരം തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള സംവിധാനമുള്ളത്. വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിക്കുന്ന തെരുവുനായകൾ വാഹനങ്ങളിൽനിന്നു ചാടിപ്പോയും മറ്റും ഇലകമണിൽ ശല്യമാകുന്നുവെന്ന പരാതി വ്യാപകമാണ്. സ്കൂളുകളിലുൾപ്പെടെ തെരുവുനായകളുടെ ശല്യമുണ്ട്. വന്ധ്യംകരണത്തിന് ശേഷം നായകളെ കരാറുകാരൻ ഇലകമൺ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്നുവിടുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.

വന്ധ്യംകരണ സംവിധാനം വന്നശേഷം പഞ്ചായത്തിൽ തെരുവുനായകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തിന് ഇതും കാരണമായി. വന്ധ്യംകരണത്തിന് കൊണ്ടുവരുന്നയിടത്തുതന്നെ നായകളെ തിരിച്ചിറക്കിവിടുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനം വേണമെന്ന് കോൺഗ്രസ് ഇലകമൺ മണ്ഡലം പ്രസിഡന്റ് വിനോജ് വിശാൽ ആവശ്യപ്പെട്ടു.