മാറനല്ലൂർ: കാട്ടാക്ക-നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പാകോട്ടിനുസമീപം വീണ്ടും പൈപ്പ് പൊട്ടി. രണ്ടുദിവസം മുമ്പാണ് നവീകരണം നടത്തിയത്. ഒരു മാസത്തിനിടെ വണ്ടന്നൂരിനും-മണ്ണടിക്കോണത്തിനും ഇടയ്ക്കുള്ള അരക്കിലോമീറ്റർ ദൂരത്തിൽ അഞ്ചിടത്താണ് പൈപ്പ് പൊട്ടിയത്. ഭാരം കയറ്റിവരുന്ന വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് പൈപ്പ് പൊട്ടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

പലയിടത്തും ജലവിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള പഴയ പൈപ്പുകളാണ് പൊട്ടുന്നത്. പൊട്ടുന്ന പൈപ്പുകളിൽ പുതിയ പൈപ്പ് ചേർത്ത് ഒട്ടിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പഴയ പൈപ്പുകൾ പൂർണമായും മാറ്റിസ്ഥാപിച്ചാലേ പ്രശ്നത്തിനു ശാശ്വതപരിഹാരമാകൂ. റോഡ് നവീകരണത്തിനു മുമ്പ് ഇവ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ പ്രശ്നം രൂക്ഷമാകും. നവീകരണം നടത്തിയാലും പൈപ്പ് അറ്റകുറ്റപ്പണിക്കായി വീണ്ടും വെട്ടിപ്പൊളിക്കേണ്ടി വരും.

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതുമൂലം അപകടങ്ങളും പതിവാണ്.

Content Highlights: Pappakott, Drinking Water Pipe Broken, Neyyattinkara Road