നെയ്യാറ്റിൻകര: കടുത്ത വേനലിൽ ചുട്ടുപൊള്ളുമ്പോൾ ഹോംഗാർഡുകൾക്ക് പൊരിവെയിലത്ത് ഗതാഗതനിയന്ത്രണ പരീക്ഷണം. ഹോംഗാർഡുകളെപ്പോലെ പൊരിവെയിലത്ത് ദുരിതമനുഭവിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികളും. സൂര്യാഘാതമേൽക്കുമെന്നതിനാൽ ഉച്ചനേരത്തെ ജോലി ഒഴിവാക്കണമെന്ന നിർദേശംപോലും ഇവർക്ക് ബാധകമാകുന്നില്ലെന്ന് പരാതി ഉയരുകയാണ്.

നെയ്യാറ്റിൻകര, ബാലരാമപുരം പട്ടണങ്ങളിലാണ് പൊരിവെയിലത്ത് ഹോംഗാർഡുകൾ ഗതാഗതനിയന്ത്രണം ചെയ്യുന്നത്. നെയ്യാറ്റിൻകരയിൽ ടി.ബി. കവല, ആശുപത്രി കവല, ആലുംമൂട്, ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവല, ബസ് സ്റ്റാൻഡ് കവല എന്നിവിടങ്ങളിലാണ് ഹോംഗാർഡുകൾ ഗതാഗതനിയന്ത്രണം നടത്തുന്നത്. ഇവർക്ക് പൊരിവെയിലത്ത് ജോലി ചെയ്യുന്നതിനുവേണ്ട സംരക്ഷണം യാതൊന്നുമില്ല.

കഴിഞ്ഞ വർഷം സന്നദ്ധ സംഘടനകൾ പൊരിവെയിലത്ത് ഗതാഗത നിയന്ത്രണം നടത്തുന്ന ഹോംഗാർഡുകൾക്ക് കുടിവെള്ളം എത്തിച്ചിരുന്നു. മാത്രവുമല്ല ഇവർക്ക് കുടകളും നൽകിയിരുന്നു. എന്നാൽ, ഇക്കുറി ഇവർക്ക് വെള്ളം ലഭ്യമാക്കാനുള്ള ശ്രമംപോലും ഇതുവരെയുണ്ടായിട്ടില്ല.

ഹോംഗാർഡുകളുടെ സ്ഥിതിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കുമുള്ളത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ കൂടുതൽ തൊഴിൽദിനങ്ങൾ നൽകാനാണ് തദ്ദേശസ്ഥാപനങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ഉച്ചയ്ക്ക് പൊരിവെയിലത്ത് ഇവർക്ക് വിശ്രമം ലഭിക്കുന്നില്ല. അതുകൊണ്ട് സൂര്യാഘാത ഭീഷണി നിലനിൽക്കെത്തന്നെ ജോലി നോക്കേണ്ട ഗതികേടിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ.

ചൂടുകൂടിയ സാഹചര്യത്തിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ തുറസ്സായ സ്ഥലത്തെ ജോലികൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.