ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ വാഹനപരിശോധനയ്ക്കിടെ പോലീസും സ്കൂട്ടർ യാത്രക്കാരും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ എസ്.ഐ.ക്കും എ.എസ്.ഐ.ക്കും സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റു.

അഞ്ചുതെങ്ങ് എസ്.ഐ. ജി.പ്രൈജു, എ.എസ്.ഐ. നസീറുദീൻ, മീരാൻകടവ് പാലത്തിനുസമീപം വാടയിൽ സങ്കീർത്തന ഹൗസിൽ ഓസ്‌കാർ ആബേൽ (55), അഞ്ചുതെങ്ങ് പുത്തൻമണ്ണ് ടിന്റു ഹൗസിൽ സെബാസ്റ്റ്യൻ ആബേൽ (59) എന്നിവർക്കാണ് പരിക്കേറ്റത്.

അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിനുസമീപം തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ പോലീസ് വാഹനപരിശോധന നടത്തുമ്പോഴാണ് സംഭവം. എസ്.ഐ.യുടെ മുതുകത്തും കൈത്തണ്ടയിലും നെറ്റിയിലും മർദനമേറ്റു. എ.എസ്.ഐ.യുടെ തലയിലാണ് മർദനമേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ഓസ്‌കാറിന്റെയും സെബാസ്റ്റ്യന്റെയും തലയ്ക്ക് പൊട്ടലുണ്ട്. തലയ്ക്കും കാലിനും മുതുകിലും മർദനമേറ്റു. ഇരുവരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു.

പോലീസ് പറയുന്നത്:

മീരൻകടവിനുസമീപം മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും വർധിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പരിശോധനയ്ക്കായി സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പിൻസീറ്റിലിരുന്ന സെബാസ്റ്റ്യൻ കയർക്കുകയും അസഭ്യം പറയുകയും ചെയ്തു. ഓസ്‌കാറും സെബാസ്റ്റ്യനെയും തടഞ്ഞ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ കല്ല് ഉപയോഗിച്ച് പോലീസിനെ മർദിക്കുകയും എറിയുകയും ചെയ്തു. പോലീസ് ഇത് പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് അഞ്ചുതെങ്ങ് എസ്.ഐ. പ്രൈജു പറഞ്ഞു.

സ്കൂട്ടർ യാത്രക്കാർ പറയുന്നത്:

വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം സ്കൂട്ടറിലെത്തിയ തങ്ങളെ തടഞ്ഞ് രേഖകൾ ആവശ്യപ്പെട്ടതായി ഓസ്‌കാറും സെബാസ്റ്റ്യനും പറഞ്ഞു. പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഫൈൻ അടയ്ക്കണമെന്ന് പോലീസ് പറഞ്ഞു. ആവശ്യപ്പെട്ട തുക നൽകാൻ സാധിക്കില്ലെന്നു പറഞ്ഞപ്പോൾ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. ഇതോടെ തർക്കമുണ്ടാകുകയും പോലീസ് ലാത്തികൊണ്ട് മർദിക്കുകയുമായിരുന്നു.

Content Highlights: dispute during vehicle inspection, police officers and scooter passengers were injured, Police Version and Scooter Passengers Version