വെഞ്ഞാറമൂട്: ആലിന്തറയിൽ നെല്ലനാട് പഞ്ചായത്ത് 20 വർഷം മുൻപ് നീന്തൽകുളം പണിതിട്ടും ഉപയോഗിക്കുന്നില്ല. സംരക്ഷണമില്ലാതെ കുളം നശിക്കുകയാണ്. പുതിയ താരങ്ങൾക്ക് ശരിയായി പരിശീലനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. അവർ സമീപത്തെ അപകടകരമായ ചിറയിലാണ് നീന്തൽ പരിശീലിക്കുന്നത്.
നീന്തൽ പരിശീലനത്തിന് പ്രശസ്തമാണ് ആലിന്തറ. ശ്രീശാസ്താ എന്ന ക്ലബ്ബാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നെല്ലനാട് പഞ്ചായത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് നീന്തൽ പഠിക്കാനായി കുട്ടികൾ എത്തുന്നുണ്ട്.
ഇത്രയും പേർക്ക് പരിശീലനം നൽകാൻ സൗകര്യംകുറഞ്ഞ ഒരു കുളംമാത്രമേയുള്ളൂ. 25 മീറ്റർ വീതിയുള്ള കുളം പരിശീലനത്തിനു മതിയാകില്ലെന്ന് ശാസ്താ നീന്തൽക്ലബ്ബ് അധ്യക്ഷനായിരുന്ന പിരപ്പൻകോട് അശോകനും സെക്രട്ടറി ബിനുലാലും പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. അതനുസരിച്ച് അന്നത്തെ പഞ്ചായത്ത് ഭരണസമിതി നീന്തൽകുളത്തിനു സമീപത്തായി അരയേക്കർ സ്ഥലം അനുവദിച്ച് അവിടെ നീന്തൽകുളം നിർമിച്ചു.
രമണി പി.നായർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ചിറ നവീകരിക്കാൻ 40 ലക്ഷം അനുവദിച്ചു. പാർശ്വഭിത്തികെട്ടി. കൂടാതെ രണ്ടുകോടിയുടെ വികസനപദ്ധതി സർക്കാരിന് സമർപ്പിക്കുകയുംചെയ്തു. എന്നാൽ അതിനു ഫലമുണ്ടായില്ല.
തുടർന്നുവന്ന ത്രിതലപഞ്ചായത്തു ഭരണസമിതികൾ നീന്തൽകുളത്തെ പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങൾ നടത്തിയില്ല. ഇപ്പോൾ കുളം ശോച്യാവസ്ഥയിലാണ്. മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. കൊതുകുശല്യം രൂക്ഷവുമാണ്. വഴി കാടുകയറി കിടക്കുന്നു. പാർശ്വഭിത്തി കെട്ടിയതിനു പുറത്തേക്ക് വെള്ളമിറങ്ങി ചെളിക്കെട്ടായിട്ടുണ്ട്.
വെള്ളം ശുദ്ധീകരിക്കാനുള്ള ക്രമീകരണമില്ല. മറ്റിടങ്ങളിൽ നിന്നും മാലിന്യം ഒഴുകി വരുന്നത് തടായാനുള്ള സംവിധാനവുമില്ല.
നിലവിലുള്ള ചെറിയ നീന്തൽകുളത്തിൽ അശാസ്ത്രീയമായ പണി കാരണം നീന്തൽ പരിശീലനത്തിനെത്തിയവർ ഉൾപ്പെടെ നിരവധി പേർ മരിച്ചിട്ടുണ്ട്.
നീന്തൽകുളം നവീകരിക്കുവാൻ സർക്കാരിനു നിവേദനം നൽകിയതായി പഞ്ചായത്തു പ്രസിഡന്റ് സുജിത്ത് എസ്. കുറുപ്പ് പറഞ്ഞു.
Content Highlights: Destroyed Venjaramoodu Swimming Pool