വെള്ളറട: എള്ളുവിളയുടെ അക്ഷരവെളിച്ചമായ എള്ളുവിള ദേശാഭിമാനി ഗ്രന്ഥശാലയുടെ പ്രവർത്തനത്തിന് ആറരപ്പതിറ്റാണ്ടിന്റെ തിളക്കം. നിലമാമൂട്, എള്ളുവിള ഉൾപ്പെട്ട മലയോര മേഖലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള അൻപതുകളിലെ യുവതലമുറയുടെ ചിന്തകളിൽനിന്ന് ഉയർന്നതാണ് ഈ ഗ്രന്ഥശാല.

എള്ളുവിള സ്വദേശികളായ റിട്ട. അധ്യാപകൻ മനാസ്, നാരായണൻ നാടാർ, ലാസർ നാടാർ, ഗോവിന്ദപ്പണിക്കർ തഹസിൽദാർ ചെല്ലപ്പൻ വൈ.കമലൻ തുടങ്ങിയവരായിരുന്നു ആദ്യകാല ഭാരവാഹികൾ. ഇതിൽ അധ്യാപകനായിരുന്ന മനാസാണ് സ്ഥാപകനും ആദ്യകാല സെക്രട്ടറിയും നാരായണൻ നാടാർ പ്രസിഡന്റുമായിരുന്നു. 1952-ൽ നിലമാമൂടിലെ വാടക കടമുറിയിൽ പലയിടത്ത് നിന്നു ശേഖരിച്ച 150 പുസ്തകങ്ങളുമായിട്ടായിരുന്നു ഈ ഗ്രന്ഥശാലയുടെ തുടക്കം. ഭാരതം സ്വതന്ത്രമായി അഞ്ച് വർഷം പിന്നിട്ടശേഷമായിരുന്നതിനാൽ ഗ്രന്ഥശാലയ്ക്ക് ദേശാഭിമാനിയെന്ന് പേരിട്ടു. പിന്നീട്, എള്ളുവിള കുറ്റികാട് എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിക്കുന്നതോടൊപ്പം ഗ്രന്ഥശാലയുടെ വളർച്ചയും ക്രമേണ ഉണ്ടായി. 1960-ൽ ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡ്‌ ലഭിച്ചതോടെ ഗ്രന്ഥശാലയുടെ പ്രവർത്തനത്തിന് പുത്തനുണർവായി. ഏകദേശം 15000 പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിലുണ്ട്. 1676 അംഗങ്ങളും. 1983-ൽ എള്ളുവിള ജങ്ഷനുസമീപം ആഞ്ഞിൽവിളയിൽ ഗ്രന്ഥശാലയ്ക്കായി രണ്ടു സെന്റ് വസ്തു വിലയ്ക്ക് വാങ്ങി. പിന്നീട് 2005-ൽ ജില്ലാപ്പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഇരുനിലക്കെട്ടിടവും പണിതു.

നിരവധി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ ഗ്രന്ഥശാലയിലിപ്പോൾ ബാലവേദി, വനിതവേദി, യുവജനവേദി, സ്വയംതൊഴിൽ നിർമാണ പ്രവർത്തനങ്ങൾ, പി.എസ്.സി. പരീക്ഷാ പരിശീലനം, പാചക ക്ലാസുകൾ, എന്നിവയും ഇവിടെ നടത്തുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിർമാണത്തിനുള്ള പരിശീലനം, സെമിനാറുകൾ എന്നിവയും ഇടയ്ക്കിടെ നടത്തുന്നുണ്ട്.

ആഴ്ചയിലൊരിക്കൽ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്ന മൊബൈൽ ലൈബ്രറി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. എം.എം.ജെയിൻ, ചിത്ര എന്നിവർ ലൈേബ്രറിയന്മാരായി പ്രവർത്തിക്കുന്നുണ്ട്. ശ്രീധരൻനായർ പ്രസിഡന്റും സാബു സെക്രട്ടറിയുമായ 11 അംഗ ഭരണസമിതിയാണ് ഗ്രന്ഥശാലയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്‌.