അരുവിക്കര : അരുവിക്കര ജലസംഭരണിക്കു മുന്നിൽ സംരക്ഷണഭിത്തിയില്ലാത്തത് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും അപകടഭീഷണിയായി. ജലസംഭരണിയോടു ചേർന്നുള്ള ശിവ പാർക്കിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് സംരക്ഷണഭിത്തിയില്ലാത്തത്.

റോഡിനോടു ചേർന്നുകിടക്കുന്ന ഈ സ്ഥലവും ജലസംഭരണിയും തമ്മിൽ പത്തടിയിലധികം താഴ്ചയുണ്ട്.

ഈ സ്ഥലത്തുനിന്നാൽ ജലസംഭരണിയിലെ കാഴ്ചകൾ വ്യക്തമാകുമെന്നതിനാൽ വിനോദസഞ്ചാരികളും സമീപത്തെ ദേവീക്ഷേത്രത്തിൽ എത്തുന്നവരും ഇവിടെ കേന്ദ്രീകരിക്കുന്നത് പതിവാണ്. എന്നാൽ ഇവിടെ മതിയായ സുരക്ഷാവേലികളൊന്നും സ്ഥാപിച്ചിട്ടില്ല.

പ്ലാസ്റ്റിക് കയർ കൊണ്ട് വെറുതെ വലിച്ചുകെട്ടിയിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കുട്ടികൾ ഓടിക്കളിക്കുന്ന ഈ സ്ഥലത്ത് രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ടുമാത്രമാണ് അപകടങ്ങൾ ഉണ്ടാകാതെ പോകുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം കൂടിയാണ് ഈ പ്രദേശം. ഇവിടെ സുരക്ഷാവേലിയും സന്ദർശകർക്ക് ഇരിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുന്ന പദ്ധതി നടപ്പിലാക്കാൻ മുൻ എം.പി. എ.സമ്പത്ത് നടപടികൾ ആരംഭിച്ചെങ്കിലും വാട്ടർ അതോറിറ്റി അധികൃതരുടെ തടസ്സവാദം കാരണം പദ്ധതി നടക്കാതെ പോയി. എപ്പോഴും തിരക്കുള്ള പ്രദേശത്ത് സുരക്ഷാവേലി സ്ഥാപിച്ച് മതിയായ സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.