തിരുവനന്തപുരം : നെയ്യാറിലെ മണൽമാഫിയകൾക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തിയ ഓലത്താന്നി ഡാളി കടവിൽ ഡാളി അമ്മൂമ്മയ്ക്ക് വാർധക്യത്തിൽ താങ്ങായി ജില്ലാ പ്പഞ്ചായത്ത്. കാട്ടാക്കടയിലുള്ള പരിചയക്കാരിയുടെ വീട്ടിൽ ഭക്ഷണമില്ലാതെ അവശനിലയിൽ കണ്ടെത്തിയ ഡാളി അമ്മൂമ്മയെ ജില്ലാപ്പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ അഗതിമന്ദിരത്തിലേക്കു മാറ്റി.

ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളി അമ്മൂമ്മ മണൽമാഫിയകളുടെ ഭീഷണിയെ അതിജീവിച്ചാണ് കഴിഞ്ഞിരുന്നത്. തൊണ്ണൂറ് വയസ്സ് കഴിഞ്ഞ ഡാളി അമ്മൂമ്മയുടെ വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന്‌ വീട് ആറിന്റെ മധ്യത്തിലായി. എന്നിട്ടും വീട് ഉപേക്ഷിക്കാതെ അവിടേക്ക് താത്കാലിക പാലം നിർമിച്ച് താമസിച്ചിരുന്ന ഡാളി കഴിഞ്ഞ പ്രളയകാലത്താണ് വീട് ഉപേക്ഷിച്ചത്.

നെയ്യാർ നിറഞ്ഞൊഴുകിയതോടെ ഡാളിയമ്മൂമ്മയെ പോലീസും റവന്യൂ അധികൃതരും പരണിയത്തെ ബന്ധുവീട്ടിലാക്കി. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിലെ തൂപ്പുകാരിയായി വിരമിച്ച ഡാളി അമ്മൂമ്മ പെൻഷനായി ലഭിച്ചിരുന്ന പണംകൊണ്ടാണ് കഴിഞ്ഞിരുന്നത്. ബന്ധുവീട്ടിൽനിന്നും പിന്നീട് കാട്ടാക്കട പുല്ലുവിളാകത്ത് പരിചയക്കാരിയായ ചന്ദ്രികയുടെ വീട്ടിലായി താമസം.

വയോധികയായ ചന്ദ്രികയ്ക്ക് അടുത്തിടെ അർബുദം സ്ഥിരീകരിച്ചു. ഇവർ കിടപ്പിലായതോടെ ഡാളിയമ്മൂമ്മയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ ഈ വീട്ടിൽ കഴിഞ്ഞ ഡാളിയമ്മൂമ്മയെക്കുറിച്ച് ജില്ലാ പ്പഞ്ചായത്തിന് പരാതി ലഭിച്ചു. തുടർന്ന് ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആർ.സലൂജ കാട്ടാക്കടയിലെ വീട്ടിലെത്തി ഡാളിയമ്മൂമ്മയെ ജില്ലാപ്പഞ്ചായത്തിന്റെ കീഴിലുള്ള അണ്ടൂർക്കോണത്തെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഡാളിയമ്മൂമ്മയുടെ ഓലത്താന്നിയിലെ വീട്ടിലേക്ക് നിർമിച്ച തടിപ്പാലം ഇക്കഴിഞ്ഞ കനത്ത മഴയിൽ തകർന്നുപോയി. മണൽമാഫിയയോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയതിനെത്തുടർന്നാണ് ഇവരുടെ വീട്ടിലേക്കുള്ള സ്ഥലത്തിന് ഡാളി കടവെന്നാണ് നാട്ടുകാർ പേരിട്ടത്.