കല്ലറ: കോവിഡ് പരിശോധന നടത്തിയയാളിന്‌ റിസൾട്ട് ലഭിച്ചത് ഒരാഴ്ചയ്ക്കു ശേഷം. ഇതിനകം രോഗബാധയില്ലെന്ന ധാരണയിൽ ഇയാൾക്ക് നിരവധിപ്പേരുമായി സമ്പർക്കമുണ്ടായി. മിതൃമ്മല സ്വദേശിയാണ് 14-ന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കോവിഡ് പരിശോധനയിൽ പങ്കെടുത്തത്. ആർ.ടി.പി.സി.ആർ. ടെസ്റ്റായതിനാൽ രോഗബാധിതയുണ്ടെങ്കിൽ ആരോഗ്യവകുപ്പിൽനിന്ന്‌ അറിയിക്കുമെന്ന്‌ പരിശോധനാസമയത്ത് അറിയിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞും അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ രോഗബാധയില്ലെന്ന ധാരണയിൽ കടകളിലും ക്ഷേത്രദർശനത്തിനും ബന്ധുവീടുകളിലുമൊക്കെ രോഗി പോയി.

എന്നാൽ, ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പിൽനിന്ന്‌ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്ന് മിതൃമ്മല വാർഡ് അംഗം കല്ലറ ബാലചന്ദ്രൻ പറഞ്ഞു.