ബാലരാമപുരം : കഴിഞ്ഞ ദിവസം കോവിഡിനു കീഴടങ്ങിയ കോവിഡ് മുന്നണിപ്പോരാളിയും, ഡി.വൈ.എഫ്.ഐ. ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ, വില്ലിക്കുളം തലയൽ മേലേത്തട്ട് വീട്ടിൽ സുരേന്ദ്രൻ, ഷൈലജ ദമ്പതിമാരുടെ മകൾ എസ്.ആർ.ആശയ്ക്ക് നാട് വിടനൽകി.

ശ്വാസകോശ രോഗത്തെത്തുടർന്നാണ് ആശയെ ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ ചൊവ്വാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. കോവിഡ് രൂക്ഷമായിരുന്ന സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും, മരണം സംഭവിക്കുന്നവരുടെ വീടുകളിലെത്തി സംസ്കാരമുൾപ്പെടെ നടത്തുന്നതിനുംവേണ്ട പ്രവർത്തനങ്ങളിലും ആശ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു.

പഞ്ചായത്തിലെ ആർ.ആർ.ടി. അംഗവും കൂടിയായിരുന്നു ആശ. കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്കാരം നടന്നത്. പാറശ്ശാല ചെരുവാരക്കോണത്തെ സ്വകാര്യ ലോ കോളേജിലെ അവസാന വർഷ എൽഎൽ.ബി. വിദ്യാർഥിനിയായിരുന്നു. അജേഷ്, ആർഷ എന്നിവർ സഹോദരങ്ങളാണ്.

Content Highlights: Covid frontline worker died in Thiruvananthapuram