പാറശ്ശാല : കഴിഞ്ഞ ജൂൺ മാസം മുതലുള്ള തുടർച്ചയായ മഴയിൽ വിളവ് ഇറക്കാനാകാതെ പച്ചക്കറി കർഷകർ. കൃഷിയിറക്കാനായി ശ്രമിച്ച കർഷകർക്ക് അഞ്ച് മാസത്തിനിടയിൽ മൂന്നുതവണ കൃഷിനാശം ഉണ്ടായി.

കർഷകർക്ക് കൃഷിയിറക്കാൻ സാധിക്കാത്തതു കാരണം വരുംനാളിൽ പച്ചക്കറിവിലയിൽ വൻ വർധനവുണ്ടാകാൻ സാധ്യതയെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.

ഇടവപ്പാതിക്കു ശേഷം സാധാരണ നിലയിൽ തുലാം മാസത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്. എന്നാൽ, ഇക്കൊല്ലം ഇടവപ്പാതിക്കു ശേഷം ന്യൂനമർദങ്ങൾ മൂലം ശക്തമായ മഴയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ലഭിച്ചത്.

ഇക്കഴിഞ്ഞ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്ക് മഴ മൂലം വിളവ് കുറഞ്ഞിരുന്നു. കോവിഡിനെ തുടർന്ന് കയറ്റുമതിയിലുണ്ടായ ഇടിവും കൂടിയായതോടെ പച്ചക്കറി കർഷകരുടെ സ്ഥിതി പരുങ്ങലിലായിരുന്നു.

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് പച്ചക്കറികൃഷിക്കായി കർഷകർ തുനിഞ്ഞെങ്കിലും ശക്തമായ മഴ തിരിച്ചടിയായി.

പച്ചക്കറി കൃഷിക്ക് പ്രധാനമായും വേണ്ട വെയിലിന്റെ കുറവ് കൃഷിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ആദ്യ ഘട്ടത്തിൽ വിതച്ച വിത്തുകൾ കർഷകർക്ക് നഷ്ടമായി. വീണ്ടും പണം മുടക്കി കൃഷിയിടം ഒരുക്കി കൃഷി ആരംഭിച്ചതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ശക്തമായ മഴയെത്തിയത്. മഴ ശക്തമായതിനു പിന്നാലെ ഡാമുകൾ തുറന്നതോടെ കൃഷിയിടങ്ങൾ പലയിടങ്ങളിലും വെള്ളത്തിൽ മുങ്ങി. ഇതോടെ രണ്ടാംതവണയും ഇറക്കിയ കൃഷി പൂർണമായും നശിച്ചു.

ആഭ്യന്തര ഉത്‌പാനം പൂർണമായും നിലച്ച സാഹചര്യത്തിൽ തമിഴ്‌നാട്ടിൽനിന്നുള്ള പച്ചക്കറികളെ തന്നെ പൂർണമായും ആശ്രയിക്കേണ്ടിവരും. ഇതാണ് വില കുത്തനെ ഉയരുന്നതിന് കാരണമാകുന്നതെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു. കൂടാതെ തമിഴ്‌നാട്ടിലെ തെക്കൻ മേഖലകളിലും കഴിഞ്ഞ രണ്ട് മാസക്കാലമായി ശക്തമായ മഴയാണ് ലഭിക്കുന്നത്.

ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികളെത്തുന്ന തിരുനെൽവേലി, വള്ളിയൂർ, കാവൽകിണർ തുടങ്ങിയ തെക്കൻ തമിഴ്‌നാട്ടിലെ കാർഷിക പ്രദേശങ്ങളിലും ശക്തമായ മഴമൂലം ഇതേവരെയും കൃഷിയിറക്കുവാൻ കർഷകർക്കായിട്ടില്ല.

ഇത് വരുംനാളുകളിൽ പച്ചക്കറിവില വർധനവിനു കാരണമാകും.