വിതുര: റോഡ് കുണ്ടും കുഴിയുമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരിക്കുന്നില്ലെന്നു പരാതി. തൊളിക്കോട്-വിതുര റോഡിൽനിന്ന് പോലീസ് സ്റ്റേഷൻ-ഫയർസ്റ്റേഷനിലേക്കു കയറുന്ന ഭാഗത്ത് വലിയ കുഴികളുണ്ടായിട്ടും പരിഹാരമായില്ലെന്നാണ് ആക്ഷേപം. ടാറും ചല്ലിയുമിളകിമാറിയ ഇതുവഴി വാഹനങ്ങൾ പോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. വിതുരയിലെ അഗ്നിരക്ഷാസേനാവിഭാഗം സ്റ്റേഷനും ഇവിടെയാണെന്നത് പ്രശ്നം രൂക്ഷമാക്കുന്നു. അപകടങ്ങൾ പതിവായ മലയോരമേഖലയിലെ അടിയന്തര സേവന വിഭാഗങ്ങൾക്കാണ് ഈ ദുരിതം.

പ്രധാനപാതയിൽ വലിയ വളവ്‌ കഴിഞ്ഞുവരുന്ന ഭാഗത്താണ് റോഡ്‌ തിരിയുന്നത്. ഇക്കാരണംകൊണ്ടു തന്നെ ഏറെ ശ്രദ്ധിച്ചുമാത്രമാണ് വാഹനങ്ങൾ റോഡിലേക്കിറങ്ങുന്നതും കയറുന്നതും. ഇരുഭാഗത്തു നിന്നുമുള്ള വാഹനത്തിരക്ക് പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു. കലുങ്ക്‌ ജങ്ഷനിലേക്കുള്ള റോഡിന്റെ ഇരുവശത്തും വാഹനപാർക്കിങ്‌ മേഖലയാണ്. ഇരുചക്രവാഹനങ്ങളുൾപ്പെടെ ഇരുപതിലധികം വാഹനങ്ങൾ എപ്പോഴും ഇവിടെ കാണും. ഇതുമൂലം റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാനാകാത്തതാണ് മറ്റൊരു പ്രശ്നം. വർഷങ്ങളായി നവീകരിക്കാത്തതാണ് റോഡിന്റെ തകർച്ചയ്ക്കു പ്രധാന കാരണം. ഓട സംവിധാനത്തിന്റെ അഭാവം മറ്റൊരു കാരണമായി. മഴവെള്ളം ഒഴുകിയെത്തുന്നത് റോഡിലൂടെ തന്നെ. കെ.എസ്.ആർ.ടി.സി. ബസുകളിൽ ചിലത് വന്നു തിരിഞ്ഞു പോകുന്നതും ഈ റോഡിലാണ്. അത്യാവശ്യസേവന വിഭാഗങ്ങളായിട്ടും ഗതാഗത സംവിധാനമൊരുക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

Content Highlights: Construction of Police Fireforce Road in Vithura where Delaying