തിരുവനന്തപുരം: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ മുശൽനായ്ക്കൻപാളയമെന്ന ഗ്രാമത്തിൽനിന്നു കർഷകരായ കാളിയണ്ണനും ശെൽവമണിയും തങ്ങളുടെ ഏകമകൻ കളക്ടറായി ചുമതലയേൽക്കുന്നതു കാണാൻ വ്യാഴാഴ്ച കളക്ടറേറ്റിലെത്തി. നാലാം ക്ലാസുകാരിയായ മകൾ ആതിരയുടെ കൈപിടിച്ചും എട്ടുമാസം പ്രായമായ മകൻ വൈശാഖനെ തോളിലെടുത്തും ഗോപാലകൃഷ്ണന്റെ ഭാര്യ ദീപയും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയുടെ പുതിയ കളക്ടറായി കെ.ഗോപാലകൃഷ്ണൻ ചുമതലയേൽക്കാനെത്തിയത് കുടുംബസമേതം.

ഐ.എ.എസ്. നേടിയതിനേക്കാൾ സന്തോഷമാണ് താൻ കളക്ടറായതിൽ അച്ഛനുമമ്മയ്ക്കും ഉണ്ടായത്. അതുകൊണ്ടാണ് ഇത്തരമൊരു നിമിഷത്തിൽ അവരെയും കൂടെക്കൂട്ടിയതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ജില്ലയിലെ ജനങ്ങൾ ഓരോരുത്തരും തന്റെ കുടുംബാംഗങ്ങളായിരിക്കുമെന്നും ജില്ലയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ചുമതലയേറ്റശേഷം കളക്ടർ പറഞ്ഞു.

പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി രംഗങ്ങളിൽ നടക്കുന്ന വികസന പദ്ധതികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ ഉദ്യോഗസ്ഥസംവിധാനം സജ്ജമാക്കും. ജില്ലയുടെ തീരദേശമേഖലയിലടക്കം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു വേഗത്തിലുള്ള പരിഹാരത്തിനു ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ കളക്ടറേറ്റിലെത്തിയ കെ.ഗോപാലകൃഷ്ണനെ സബ് കളക്ടർ കെ.ഇമ്പശേഖർ, എ.ഡി.എം. പി.ടി.എബ്രഹാം മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. 2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണ്‌ തിരുവനന്തപുരം കളക്ടറായി നിയമിതനാകുന്നത്.

മലപ്പുറം അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, ജലനിധി സി.ഇ.ഒ., ലാൻഡ് റവന്യൂ റെക്കോഡ്സ് ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്. ബിരുദവും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.