തിരുവനന്തപുരം: പ്രളയത്തിൽപ്പെട്ടവർക്ക് വിതരണം ചെയ്യാനായി എത്തിച്ച തുണി ചാക്ക യു.പി. സ്കൂളിൽ കുന്നുകൂടിയനിലയിൽ. തിരുവനന്തപുരത്ത് ശേഖരിച്ചശേഷം പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കേണ്ട ആറുടൺ തുണികളാണ് വിതരണംചെയ്യാത്ത അവസ്ഥയിലുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം പ്ളാസ്റ്റിക് കെട്ടുകളിലാക്കിയ തുണി ഉപയോഗശൂന്യമായി. ജില്ലാഭരണകൂടം സ്കൂളിൽ സൂക്ഷിക്കാനേൽപ്പിച്ചതാണിത്. സ്കൂൾ കെട്ടിടം പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞദിവസം കെട്ടിടത്തിന്റ മേൽക്കൂര പൊളിച്ചപ്പോഴാണ് തുണിക്കെട്ടുകൾ കണ്ടെത്തിയത്. ഇവ മാറ്റാനാകാതെ കെട്ടിടം നിർമിക്കാനുമാകില്ല. പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തുണിക്കെട്ടിനുമുകളിലേക്ക്‌ വീണുകിടക്കുകയാണ്. അനുമതിയില്ലാതെ ഇവയെടുത്ത് മാറ്റാനും കഴിയുന്നില്ല.