തിരുവനന്തപുരം : കിഴക്കേക്കോട്ടയിൽ ഗതാഗതക്കുരുക്കുണ്ടാക്കി നോ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ട ട്രാഫിക്ക് എ.എസ്.ഐ.ക്കു നേരേ മഫ്ത്തിയിലായിരുന്ന സി.ഐ.യുടെ അതിക്രമം. ഡ്യൂട്ടിയിലായിരുന്ന തന്നെ പൊതുസ്ഥലത്തു വെച്ച് സി.ഐ. അസഭ്യം പറയുകയും മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തതാതി കാട്ടി ട്രാഫിക്ക് എ.എസ്.ഐ. ജവഹർ കുമാർ ഫോർട്ട് പോലീസിൽ പരാതി നൽകി. എന്നാൽ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ഈ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവഹർ കുമാർ വാഹനങ്ങൾ നിയന്ത്രിക്കാനെത്തിയതായിരുന്നു. ക്ഷേത്രത്തിനു വശത്തെ നോ പാർക്കിങ്‌ ബോർഡിനു താഴെ നിർത്തിയിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കാറിലുണ്ടായിരുന്ന നെടുമങ്ങാട് സി.ഐ. രജേഷ്‌കുമാർ അതിന് തയ്യാറായില്ല. ‘വാഹനം മാറ്റിയില്ലെങ്കിൽ എന്തു ചെയ്യും’ എന്നായിരുന്നു സി.ഐ.യുടെ ചോദ്യം. താൻ സി.ഐ. ആണെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയുമില്ല.

പല തവണ പറഞ്ഞിട്ടും വാഹനം മാറ്റാതായതോടെ നിയമനടപടി നേരിടേണ്ടിവരുമെന്ന് ട്രാഫിക്ക് എ.എസ്.ഐ. പറഞ്ഞു. ഇതിന് അസഭ്യവർഷമായിരുന്നു മറുപടിയെന്ന് എ.എസ്.െഎ.യുടെ പരാതിയിൽ പറയുന്നു. തുടർന്ന് തന്റെ മൊബൈൽഫോണിൽ ജവഹർ കുമാർ കാറിന്റെ ചിത്രം പകർത്തി. ഇതിൽ പ്രകോപിതനായ സി.ഐ. ഫോൺ പിടിച്ചുവാങ്ങി കാറിനുള്ളിൽ എറിഞ്ഞുപൊട്ടിക്കുകയായിരുന്നു.

ഒടുവിൽ ജവഹർ കുമാർ വയർലെസിലൂടെ ട്രാഫിക്ക്‌ പട്രോൾ സംഘത്തെ വിവരമറിയിച്ചു. സ്ഥലത്തെ എയിഡ്‌പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരും സ്ഥലത്തെത്തി. എന്നിട്ടും വാഹനം മാറ്റാൻ തയ്യാറാകാതെ സി.ഐ. അസഭ്യവർഷം തുടർന്നു. ഇതോടെ സ്ഥലത്ത് ആൾക്കൂട്ടവുമായി. ഒടുവിൽ ചീറ്റ ടീമിലെ എസ്.ഐ. സ്ഥലത്തെത്തുകയും വാഹനം പിടിച്ചെടുക്കുമെന്ന് അറിയിക്കുകയും ചെയ്തപ്പോഴാണ് താൻ നെടുമങ്ങാട് സ്റ്റേഷനിലെ സി.ഐ.യാണെന്ന് രാജേഷ്‌കുമാർ വെളിപ്പെടുത്തുന്നത്.

എസ്.ഐ.ക്കു നേരേയും ഇയാൾ തട്ടിക്കയറി. പലതവണ ആവശ്യപ്പെട്ടിട്ടാണ് പൊട്ടിയ മൊബൈൽ ഫോൺ തിരികെ നൽകിയത്. രണ്ടുദിവസം പിന്നിട്ടിട്ടും പോലീസ് കേസെടുത്തില്ല. അതോടെ എ.എസ്.െഎ. ഫോർട്ട് എ.സി.ക്കും പരാതി നൽകി. ട്രാഫിക് എ.സി., സി.െഎ.യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല.

Content Highlights: Circle inspector attacked SI and ASI in Thiruvananthapuram