തിരുവനന്തപുരം: പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം സിനിമാ തിയേറ്ററുകൾ ബുധനാഴ്ച തുറക്കും. അറ്റകുറ്റപ്പണികളും അവസാനഘട്ട ശുചീകരണവും പൂർത്തിയാക്കി ജില്ലയിലെ ഭൂരിഭാഗം തിയേറ്ററുകളും പ്രദർശനത്തിനു സജ്ജമായി. വിജയ് നായകനായെത്തുന്ന തമിഴ് ചിത്രം ‘മാസ്റ്റർ’ ആണ് പ്രദർശനത്തിനെത്തുന്നത്. മലയാള സിനിമകൾ തിയേറ്ററുകളിൽ എത്താൻ ഇനിയും വൈകും.

തിരുവനന്തപുരം നഗരത്തിൽ ഏരീസ് പ്ലക്സ്, ന്യൂ തിയേറ്റർ, ശ്രീപദ്മനാഭ, അജന്ത, ചലച്ചിത്രവികസന കോർപ്പറേഷന്റെ കീഴിലുള്ള ശ്രീ, നിള, ലെനിൻ സിനിമാസ് എന്നിവിടങ്ങളിൽ പ്രദർശനമുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ധന്യ-രമ്യ, ശ്രീവിശാഖ്, ശ്രീകുമാർ, കൈരളി എന്നിവിടങ്ങളിൽ താത്കാലികമായി പ്രദർശനമുണ്ടാകില്ല.

ആറ്റിങ്ങലിലെ അഞ്ച്‌ തിയേറ്ററുകളിലും പ്രദർശനമുണ്ട്. തപസ്യ, പാരഡൈസ് എന്നിവിടങ്ങളിൽ പ്രദർശനം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. വർക്കലയിൽ സ്റ്റാർ, വിമല തിയേറ്ററുകളിൽ പ്രദർശനമുണ്ടാകും. എസ്.ആർ. തിയേറ്ററിൽ പ്രദർശനമുണ്ടാകില്ല. നെടുമങ്ങാട് സൂര്യാ പാരഡേസിലും പ്രദർശനമുണ്ടാകും.

ദിവസേന മൂന്ന് ഷോ ടിക്കറ്റുകൾ ഓൺലൈനും ഓഫ്‌ലൈനും

രാവിലെ 9 മുതൽ രാത്രി 9 വരെയാണ് തിയേറ്ററുകളുടെ പ്രവർത്തനസമയം. സെക്കൻഡ് ഷോ ഉണ്ടാകില്ല. ദിവസേന മൂന്ന്‌ മുതൽ നാല്‌ ഷോകളാണ് ഉണ്ടാവുക. തിരുവനന്തപുരം നഗരത്തിലെ ഏരീസ് പ്ലക്സിൽ രാവിലെ 9.15-നും ശ്രീപദ്മനാഭയിൽ ഒമ്പതുമണിക്കുമാണ് ആദ്യ ഷോ ആരംഭിക്കുക. വൈകീട്ട് ആറുമണിക്കാണ് അവസാന ഷോ. ടിക്കറ്റുകൾ ഓൺലൈനായും തിയേറ്ററിലെ കൗണ്ടറിൽനിന്നു വാങ്ങാം. ഓൺലൈൻ ബുക്കിങ്ങാണ് തിയേറ്ററുകാരും പ്രോത്സാഹിപ്പിക്കുന്നത്. കൗണ്ടറുകളിലെത്തുന്നവർ സാമൂഹികാകലം കർശനമായും പാലിക്കണം. നഗരത്തിലെ പ്രധാന തിയേറ്ററുകളിൽ നാലു മുതൽ ഏഴു ദിവസം വരെയുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

പ്രവേശനം പകുതി സീറ്റുകളിൽ കഫറ്റേറിയകൾഅനുവദിക്കും

തിയേറ്ററുകളിലെ പകുതി സീറ്റുകളിൽ മാത്രമാകും ആളുകളെ പ്രവേശിപ്പിക്കുക. ഒന്നിടവിട്ടും സിഗ്-സാഗ് മാതൃകയിലുമാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. കഫറ്റേറരിയകൾ തുറക്കുമെങ്കിലും ഭക്ഷണസാധങ്ങൾ തിയേറ്ററിനുള്ളിൽ പ്രവേശിപ്പിക്കില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി ആളുകളുടെ പേരും മൊബൈൽ നമ്പരും രേഖപ്പെടുത്തും. സാനിറ്റൈസ് ചെയ്ത് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാകും അകത്തേക്കു പ്രവേശിപ്പിക്കുക. ജീവനക്കാരെ കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ജോലിക്കു നിയോഗിച്ചിട്ടുള്ളത്.

മൾട്ടിപ്ലക്‌സുകളിൽ 'ഷോ' വ്യത്യസ്ത സമയങ്ങളിൽ

തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി, മൾട്ടിപ്ലക്സുകളിൽ വ്യത്യസ്ത സമയങ്ങളിലാകും ഷോ ക്രമീകരിച്ചിട്ടുള്ളത്. സീറ്റ്, വാതിൽപ്പിടി, ആളുകൾ കൂടുതൽ ഇടപഴകാൻ സാധ്യതയുള്ള പ്രതലങ്ങൾ തുടങ്ങിയവ ഓരോ ഷോ കഴിയുമ്പോഴും അണുവിമുക്തമാക്കും. പ്രദർശനത്തിനിടെ രോഗലക്ഷണങ്ങളുണ്ടായാൽ അവരെ മാറ്റാനായി പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിയേറ്ററുകൾ തുറക്കുക. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയപ്പോൾ ആളുകൾ എത്തുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, അതിനു വിപരീതമായ പ്രതികരണമാണുണ്ടാകുന്നത്. ഞായറാഴ്ച വരെ ടിക്കറ്റുകളുടെ 70 ശതമാനവും ബുക്കുചെയ്തിട്ടുണ്ട്. തിയേറ്ററുകളിലെത്തി സിനിമ കാണാനുള്ള ആളുകളുടെ മനോഭാവത്തെ സ്വാഗതം ചെയ്യുന്നു. - ഗിരീഷ് ചന്ദ്രൻ, മാനേജിങ് ഡയറക്ടർ, ശ്രീപദ്മനാഭ ദേവിപ്രീയ തീയേറ്റർ.

തീയറ്ററുകളിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം എല്ലാ തീയേറ്ററുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കുന്നതിനായി ആവശ്യമായ ജീവനക്കാരെ തിയേറ്ററുകളിൽ നിയമിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധന നടത്തും. സുരക്ഷാ വീഴ്ച കണ്ടെത്തുന്ന തീയേറ്ററുകൾക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും. - ബൽറാംകുമാർ ഉപാദ്ധ്യായ,സിറ്റി പോലീസ് കമ്മിഷണർ

സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ തിയേറ്ററുകളിൽ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. - ആരോഗ്യവിഭാഗം, കോർപ്പറേഷൻ