image
രത്നകുമാർ

ചിറയിൻകീഴ് : സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രി മോർച്ചറിയിൽ തിരിച്ചറിയാതെ കിടന്ന ചിറയിൻകീഴ് സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി. സംഘടന ഇടപെട്ട് നാട്ടിലെത്തിച്ചു സംസ്കരിച്ചു. ചിറയിൻകീഴ് ശാസ്തവട്ടം ചരുവിള വീട്ടിൽ കുഞ്ഞുകൃഷ്ണന്റെ മകൻ രത്നകുമാർ(58) ആണ് റിയാദിൽ കഴിഞ്ഞ മാസം നാലിന് മരിച്ചത്.

മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ആശുപത്രി അധികൃതർക്കു ലഭിച്ചിരുന്നില്ല. തുടർന്ന് മൃതദേഹം ഒന്നര മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ചു. മുനിസിപ്പാലിറ്റി അധികൃതർ മൃതശരീരം സംസ്‌കരിക്കാൻ തീരുമാനമെടുത്ത സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി റിയാദ് കെ.എം.സി.സി.യുടെ സഹായം തേടിയത്. തുടർന്ന് റിയാദ് കെ.എം.സി.സി. വെൽഫെയർ വിങ്‌ ചെയർമാൻ സിദ്ധിഖ് തൂവൂരിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയാണെന്നു ബോധ്യമായി.

തിരുവനന്തപുരം ഗ്രീൻ ഹൗസ് വാട്ട്‌സാപ്പ് കൂട്ടായ്മയിൽ വന്ന പോസ്റ്റിനെത്തുടർന്ന് മുസ്‌ലിം ലീഗ് ചിറയിൻകീഴ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി.അഹമ്മദ്, വൈസ് പ്രസിഡന്റ് ആർ.നൗഷാദ് മുട്ടപ്പലം എന്നിവരാണ് ശാസ്തവട്ടത്തെ രത്നകുമാറിന്റെ ബന്ധുക്കളെ കണ്ടെത്തിയത്. 19 വർഷമായി നാട്ടിൽ വരാതെ റിയാദിൽ കഴിഞ്ഞ രത്നകുമാറിന് സ്പോൺസറുമായി ഒരു ബന്ധവുമില്ലായിരുന്നു.

ഇഖാമയിലെയും പാസ്‌പോർട്ടിലെയും പേരുവ്യത്യാസം അടക്കം നിരവധി നിയമപരമായ പ്രശ്നങ്ങൾ റിയാദ് കെ.എം.സി.സി. ഇടപെട്ടു പരിഹരിച്ച ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. രത്നകുമാറിന്റെ മൃതദേഹം ഞായറാഴ്ച എറണാകുളത്തെത്തിച്ചു. തുടർന്ന് ഭാര്യയും മക്കളും ഇപ്പോൾ താമസിക്കുന്ന കൂത്താട്ടുകുളത്തുള്ള നഗരസഭാ ശ്മശാനത്തിൽ മതാചാരപ്രകാരം സംസ്‌കരിച്ചു. സിദ്ദിഖ് തൂവൂരിനൊപ്പം റിയാദ് കെ.എം.സി.സി. നേതാക്കളായ ഫിറോസ് കൊട്ടിയം, ശിഹാബ് പുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെ.എം.സി.സി.ക്കു വേണ്ടി എറണാകുളം സി.എച്ച്. സെന്റർ കൺവീനർ പി.എം.എ.ലത്തീഫ് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറി. മോളി അവീറയാണ് രത്നകുമാറിന്റെ ഭാര്യ. സോനുകുമാർ, സനുകുമാർ എന്നിവർ മക്കളും.