കിളിമാനൂർ: നഗരൂർ ഗ്രാമപ്പഞ്ചായത്തിലെ ചിന്ത്രനല്ലൂർ റോഡ് തകർന്നടിഞ്ഞിട്ട് വർഷങ്ങളായി. നവീകരണത്തിന് തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല.

വെള്ളല്ലൂർ വില്ലേജോഫീസിനു സമീപത്ത് നിന്ന് ചിന്ത്രനല്ലൂർ വഴി സീമന്തപുരം വൈ.എം.എ വരെയാണ് റോഡ്. കഴിഞ്ഞ വർഷത്തെ റോഡ് നവീകരണ പദ്ധതി ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഈ റോഡിനായി അനുവദിച്ചിരുന്നു.

പരിശോധനകൾ പൂർത്തിയായി സാങ്കേതികാനുമതി ലഭിച്ചപ്പോഴേക്കും റോഡ് കൂടുതൽ ശോചനീയവസ്ഥയിലായി. ടാറിളകിയതിന് പുറമേ പലയിടത്തും വലിയ കുഴികളായി.

മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് ദിവസങ്ങളോളം കെട്ടികിടക്കും. അനുവദിച്ചതുകയിൽ പണി ഏറ്റെടുക്കാനാകില്ലെന്നാണ് കരാറുകാരുടെ നിലപാട്. ഈ വർഷവും പദ്ധതിയുടെ കാലാവധി പഞ്ചായത്ത് നീട്ടി നൽകിയിട്ടുണ്ട്. ഇതുവരെയും കരാറായിട്ടില്ല. കാർഷിക ഗ്രാമീണ മേഖലയായ ചിന്ത്രനല്ലൂർ പ്രദേശത്തേക്ക്‌ വാഹനമാർഗം എത്തിച്ചേരാനുള്ള ഏക റോഡാണിത്. ഇതു വഴി ഇരുചക്രവാഹനങ്ങളിൽ പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.

ഓട്ടോറിക്ഷകൾ പോലും ഈ ഭാഗത്തേക്ക്‌ വരുന്നില്ല. ഇതു മൂലം സമീപത്തെ പ്രധാന കവലയായ പോങ്ങനാട് നിന്നും സാധനങ്ങൾ തലച്ചുമടായി കൊണ്ട് പോകേണ്ട സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.

ഉടൻ പണി പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണുമെന്ന് വാർഡംഗം ടി.എസ്.ശോഭ പറഞ്ഞു.

കരാറുകാർ സഹകരിക്കുന്നില്ല

റോഡ് റീ ടാർ ചെയ്യാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. നഷ്ടം ചൂണ്ടിക്കാട്ടി കരാർ എടുക്കാത്തതാണ് നവീകരണ ജോലികൾക്ക് തടസ്സം. ഈ വർഷം തുക അനുവദിച്ച കൊല്ലോണം - നമ്പിമഠം റോഡിനും സമാന രീതിയിൽ കരാറുകാരെത്തുന്നില്ല.

എം.രഘു

നഗരൂർ പഞ്ചായത്ത് പ്രസിഡന്റ്