നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി. കാർ നിർത്തി ഇറങ്ങിയോടിയതിനാൽ യാത്രക്കാർക്ക് അപായമുണ്ടായില്ല. കാറിന്റെ സീറ്റുകൾ കത്തിനശിച്ചു.

ചൊവ്വാഴ്ച വൈകീട്ട്‌ 3.40-ന് പുതിയതുറ കീഴെയറുത്താൻവിളയിൽ ജോയുടെ കാറാണ് കത്തിയത്. കാറിൽ ഇദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു. കാറിന്റെ എ.സി. തകരാറാണ് കത്താൻ കാരണമെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്.

എ.സി. തകരാർ കൊടങ്ങാവിളയിലെ വർക്ക് ഷോപ്പിൽ കാണിച്ച് പരിഹരിച്ചിട്ട് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് തീപടർന്നത്.

കാർ സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപത്തെത്തുമ്പോൾ കാറിൽനിന്നു പുകയും തീയും പടർന്നു. തുടർന്ന് കാർ നിർത്തിയിട്ട് ഇരുവരും ഇറങ്ങിയോടുകയായിരുന്നു.

കൗൺസിലർ മഞ്ചത്തല സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ അഗ്നിരക്ഷാനിലയത്തിൽനിന്ന്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജൂറ്റസിന്റെ നേതൃത്വത്തിൽ ഫയർ എൻജിനെത്തി തീ അണച്ചു.