കാട്ടാക്കട: കോട്ടൂർ കാപ്പുകാട് മുതൽ അമ്പൂരി അണമുഖം വരെ വ്യാപിച്ചു കിടക്കുന്ന നെയ്യാർ ജലാശയം തലസ്ഥാന ജില്ലയ്ക്ക് വെള്ളത്തിന്റെ അക്ഷയഖനിയാണ്. എന്നാൽ, വേനലിൽ വരണ്ടുണങ്ങുകയും ചെറിയ മഴയിൽപ്പോലും നിറയുകയും ചെയ്യുന്ന അണക്കെട്ടിന്റെ സംഭരണശേഷി അനുദിനം ശോഷിക്കുകയാണ്. വെള്ളം ഇറങ്ങുമ്പോൾ അടിത്തട്ടു വിണ്ടുകീറി അവിടവിടെ ഉയർന്നുനിൽക്കുന്ന മണ്ണട്ടികൾ തന്നെയാണ് അതിനു തെളിവ്.

2016-ൽ അണക്കെട്ട് സന്ദർശിച്ച 'ഡാം സേഫ്റ്റി അതോറിറ്റി' വിദഗ്ധർ പറഞ്ഞത് എക്കലും മണ്ണും അടിഞ്ഞ് അഞ്ചു മീറ്ററിലേറെ അണക്കെട്ടിന്റെ അടിത്തട്ട് ഉയർന്നിരിക്കുന്നു എന്നാണ്. കനത്ത മഴയിൽ വൃഷ്ടിപ്രദേശത്തെ വനത്തിൽ നിന്നു കുത്തിയൊലിച്ചെത്തുന്ന എക്കലും മണ്ണും റിസർവോയറിൽ നിറയുന്നതാണ് പ്രധാന കാരണം. അണക്കെട്ടിന്റെ ശേഷി കുറയുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് 'ഭൗമശാസ്ത്ര പഠനകേന്ദ്രം' നടത്തിയ സ്ഥലപരിശോധനയിൽ കണ്ടെത്തിയിട്ടുമുണ്ട്. തൊട്ടടുെത്ത അമ്പൂരിയിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും നാലു വർഷം മുൻപ് അണക്കെട്ടിൽനിന്ന്‌ 100 മീറ്ററോളം മാറി തടാകത്തിനോടു ചേർന്ന് ഭൂമിയിൽ വിള്ളൽ കണ്ടപ്പോഴും 'സെസ് 'വിദഗ്ധർ ഇവിടം സന്ദർശിച്ചിരുന്നു. ഡാമിനോട് ചേർന്നുള്ള ഭൂമി തട്ട് പാറകളാണ്, ഇതിനു മുകളിലാണ് മണ്ണ്. അണക്കെട്ടിൽ കൂടുതൽ വെള്ളം ഉയരുമ്പോൾ മണ്ണ് മാറും. ഇത് മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.

ശേഷികൂട്ടാതെ പദ്ധതികൾ

ഒന്നാം പഞ്ചവത്സരപദ്ധതിയിൽ 1959-ൽ കമ്മിഷൻ ചെയ്തതാണ് നെയ്യാർ അണക്കെട്ട്. കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനെക്കൂടി ഉൾപ്പെടുത്തി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ 15380 ഹെക്ടർസ്ഥലത്തെ കൃഷിക്കുള്ള ജലസേചനത്തിനാണ് നെയ്യാർ ഇറിഗേഷൻ പ്രോജക്ട് തുടങ്ങിയത്. 1,060,000,000 മീറ്റർ ക്യൂബ് വെള്ളമാണ് ആണ് സംഭരണശേഷി(84.750 മീറ്റർ). ഏതാണ്ട് 3.5 ചതുരശ്ര മൈൽ വിസ്തൃതിയുള്ളതാണ് ജലസംഭരണി. അണക്കെട്ടിന് 965 അടി നീളവും 166 അടി ഉയരവുമുണ്ട്. 127 അടി നീളമുള്ള സ്പിൽവേ നിയന്ത്രിക്കുന്നത് 17 അടി ഉയരവും 28 അടി വീതിയുമുള്ള നാല് ഷട്ടറുകളാണ്. ഇവ തുറന്നാൽ സെക്കൻഡിൽ 28580 ഘനയടി എന്ന കണക്കിന് വെള്ളം ആറ്റിലേക്കൊഴുകും. നാല് ചെറുപ്പണകൾ അണക്കെട്ടിന്റെ ഭാഗമായുണ്ട്. രണ്ടു കനാലുകളുണ്ട്. വലതുകര കനാലിന് 22 മൈലും ഇടതുകര കനാലിന് 21 മൈലും നീളമുണ്ട്‌. ഇതുവഴിയാണ് ജലസേചനം. നിലവിൽ തമിഴ്‌നാട്ടിലെ വിളവങ്കോട് താലൂക്കിൽ ജലവിതരണമില്ല. എന്നാൽ, നെയ്യാർ അണക്കെട്ടിൽനിന്നു വീണ്ടും ജലവിതരണം വേണമെന്ന ആവശ്യം തമിഴ്‌നാട് ഉയർത്തിയിട്ടുണ്ട്.

നിലവിൽ കാളിപാറ ശുദ്ധജലപദ്ധതിക്ക്‌ അണക്കെട്ടിൽ നിന്നാണ് വെള്ളം എടുക്കുന്നത്. കൂടാതെ 120 ദശലക്ഷം ലിറ്റർ വെള്ളം തലസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനുള്ള മറ്റൊരു വലിയ പദ്ധതിയും പുരോഗമിക്കുന്നു. അണക്കെട്ടിന്റെ സംഭരണശേഷി ഉയർത്താതെ ഇത്രയും വെള്ളം അണക്കെട്ടിൽ നിന്നും എടുക്കാനാകുമോ എന്ന ചോദ്യമാണുയരുന്നത്. മന്ത്രിയായിരുന്നപ്പോൾ തോമസ്‌ ഐസക് മുൻകൈയെടുത്ത് അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരാൻ പദ്ധതി ഇട്ടതാണ്. നെയ്യാർ ഡാമിലും മന്ത്രി എത്തി സാധ്യത തേടി. എന്നാൽ, പിന്നീടൊന്നും നടന്നില്ല. അടിത്തട്ടിലെ മണ്ണും ചെളിയും നീക്കിയാൽത്തന്നെ സംഭരണശേഷി കൂട്ടാനാകും.

അണയ്ക്കു മുകളിൽ അപ്പർ ഡാം പണിയണം എന്ന നിർദേശവും ഫയലിലാണ്. 1971-ലും 1982-ലും പഠനങ്ങൾ നടന്നു. നെയ്യാർ അണയിൽ നിന്നും 14 കിേലാമീറ്റർ മാറി 'ഒരുവപ്പാറ' യിൽ മറ്റൊരു അണ പണിയാനായിരുന്നു തീരുമാനം. വനത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം ഇവിടെ തടഞ്ഞ് ആവശ്യാനുസരണം നെയ്യാർ അണയിൽ എത്തിക്കാനായിരുന്നു പദ്ധതി. 1991-ൽ ടി.എം.ജേക്കബ് ജലവിഭവ മന്ത്രി ആയിരുന്നപ്പോൾ പദ്ധതിക്ക് അനുകൂലമായ നീക്കങ്ങൾ നടന്നതാണ്.

തലസ്ഥാനത്ത് അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ കുറ്റിച്ചൽ പഞ്ചായത്തിലെ അണക്കെട്ടിന്റെ ഭാഗമായ കാപ്പുകാട് നിന്നും വെള്ളം പമ്പ് ചെയ്ത് വെമ്പായത്തുകോണം കലശംകോണം മുണ്ടണിത്തോട് വഴി കരമനയാറിലെത്തിച്ച് അരുവിക്കര സംഭരണിയിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യേണ്ടി വന്നപ്പോൾ നെയ്യാർ അണക്കെട്ടിന്റെ പ്രാധാന്യം അധികൃതർക്ക് വ്യക്തമായതാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടെയാണ് നെയ്യാർഡാം. ആ തരത്തിലുള്ള വികസനവും നടക്കുന്നില്ല.

Content Highlights: Capacity of Neyyar dam comes down geological studies points out concerns