നെയ്യാറ്റിൻകര: ആറയൂർ സി.വി.ആർ.പുരം സി.വി.രാമൻപിള്ള ഗ്രന്ഥശാലയ്ക്ക് ജില്ലാപ്പഞ്ചായത്തിന്റെ പുസ്തക കൈനീട്ടം. പുസ്തകങ്ങൾ ജില്ലാപ്പഞ്ചായത്തംഗം ബെൻഡാർവിൻ ഗ്രന്ഥശാലാ ഭാരവാഹികൾക്ക് കൈമാറി.

ഇരുപത്തയ്യായിരം രൂപയുടെ പുസ്തകങ്ങളാണ് ജില്ലാപ്പഞ്ചായത്ത് വാങ്ങി നൽകിയത്. ഇതിനൊപ്പം ഗ്രന്ഥശാലയ്ക്ക് ആവശ്യമായ ഫർണിച്ചറും വാങ്ങി നൽകി. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ഭുവനചന്ദ്രൻനായർ അധ്യക്ഷനായി.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. പഠനോപകരണ വിതരണം താലൂക്ക് ഗ്രന്ഥശാലാ സംഘം സെക്രട്ടറി പി.കെ.തുളസീധരൻ നിർവഹിച്ചു.

ചെങ്കൽ കൃഷിഭവൻ മുഖാന്തരം നടപ്പാക്കുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിത്തുവിതരണം നടന്നു. ഗ്രന്ഥശാലയിലെ എല്ലാ അംഗങ്ങളുടെയും വീടുകളിലും പച്ചക്കറി വിത്ത് എത്തിക്കും. ഇതോടൊപ്പം കർഷക സിം കാർഡിന്റെ വിതരണവും നടന്നു. കർഷക സിം കാർഡിനായി ആധാർ കാർഡ് ഗ്രന്ഥശാലയിലെത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗ്രന്ഥശാലാ സെക്രട്ടറി സി.ഗോപാലകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് ആർ.ഗിരിജ, ഡി.തങ്കപ്പൻ, എസ്.ആർ.ഷാജി, വി.വിനോദ് എന്നിവർ സംസാരിച്ചു.