തിരുവനന്തപുരം: അനിവാര്യമായ മരണത്തെ തടുക്കാൻ ആർക്കും കഴിയില്ല. പക്ഷേ, അനന്തപുരിയിൽ ഈയടുത്ത കാലത്ത് നടന്ന മരണങ്ങൾ, പ്രഗത്ഭരും പ്രശസ്തരുമായ എത്രയെത്ര ബഹുമുഖ പ്രതിഭകളെയാണ് തട്ടിക്കൊണ്ടുപോയത്. അതിൽ അവസാനത്തേതാണ് മുൻചീഫ് സെക്രട്ടറി കൂടിയായ സി.പി.നായർ.

പ്രഗത്ഭനായ ഭരണാധികാരി, പ്രശസ്തനായ സാഹിത്യകാരൻ, സമഭാവനയോടെ എല്ലാവരോടും പെരുമാറിയ വ്യക്തി, റിട്ടയർചെയ്തിട്ടും തലസ്ഥാനത്തെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യം, തനിക്ക് അറിവുള്ള കാര്യങ്ങൾ ആർക്കും പങ്കുവയ്ക്കാൻ എപ്പോഴും തയ്യാറായിരുന്ന സൗമ്യൻ എന്നീ നിലകളിലെല്ലാം സി.പി. നായരെ വിലയിരുത്താം.

പ്രശസ്ത സാഹിത്യകാരനും രാജഭരണകാലം മുതൽ സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന എൻ.പി.ചെല്ലപ്പൻനായരുടെ മകനാണ് സി.പി.നായർ. അച്ഛന്റെ പൈതൃകം പകർന്നുകിട്ടിയിട്ടുള്ള മകൻ, അദ്ദേഹത്തിൽനിന്നു ചരിത്രത്തിന്റെയും അനുഭവങ്ങളുടേയും എത്രയെത്ര സംഭവങ്ങൾ കേട്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ ഹജൂർ കച്ചേരി അഥവാ സെക്രട്ടേറിയറ്റിനേയും അനന്തപുരിയെയും കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് വിപുലമായിരുന്നു. അനന്തപുരിയിലെ ചരിത്രസ്മാരകങ്ങളെപ്പറ്റിയും സെക്രട്ടേറിയറ്റിനെക്കുറിച്ചും അദ്ദേഹം എപ്പോഴും വാചാലനായിരുന്നു. ഈ ചരിത്രശേഷിപ്പുകൾക്കുണ്ടാകുന്ന നാശങ്ങളെപ്പറ്റി ആകുലനായ സി.പി. അതിനെതിരേ നേരിട്ട് പത്രങ്ങളിലെഴുതുകയോ അതല്ലെങ്കിൽ പത്രപ്രവർത്തകരെ അറിയിക്കുകയോ ചെയ്യുമായിരുന്നു.

പൊതു കാര്യങ്ങൾക്ക് പത്രങ്ങളേയും പത്രപ്രവർത്തകരേയും ഇത്രയുമധികം ഉപയോഗിച്ച മറ്റൊരു റിട്ടയേർഡ്‌ ഉദ്യോഗസ്ഥൻ ഇല്ലെന്നുതന്നെ പറയാം.

സെക്രട്ടേറിയറ്റിൽ അദ്ദേഹത്തിന്റെ ആരാധ്യപുരുഷനായ ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹമായിരുന്നു തിരുവിതാംകൂറിലെ അദ്യത്തെ ചീഫ് സെക്രട്ടറി. അത് ആരാണെന്ന് അറിയാമോ എന്ന് അദ്ദേഹം പലയോഗങ്ങളിലും മറ്റ് ഉദ്യോഗസ്ഥന്മാരോടും ജീവനക്കാരുടെ യോഗങ്ങളിലും ചോദിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെ 125-ാം വാർഷികം 1994-ൽ ആഘോഷിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചുകൂട്ടി. ആഘോഷത്തിന്റെ നടത്തിപ്പു ചുമതല സി.പി.നായർക്കായിരുന്നു.

ആ യോഗത്തിൽ വച്ച് സെക്രട്ടേറിയറ്റിലെ ആദ്യത്തെ ചീഫ് സെക്രട്ടറി ആരാണെന്ന് ഉദ്യോഗസ്ഥന്മാരോട് സി.പി. ചോദിച്ചതും ആർക്കും ഉത്തരം പറയാൻ കഴിയാത്തതുമായ കാര്യം മുൻ ആർക്കേവ്‌സ് എഡിറ്ററും പ്രമുഖ ചരിത്രകാരനുമായ ഡോ. ആർ. മധുദേവൻ നായർ ഓർക്കുന്നു. പി.താണുപിള്ള എന്ന് മധുദേവൻനായർ ഉത്തരം നൽയത് സി.പി. നായരെ സന്തോഷിപ്പിച്ചു.

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് (1897) പി.താണുപിള്ളയെ തിരുവിതാംകൂറിലെ ആദ്യത്തെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. അതിനുമുമ്പ് ഈ ഉദ്യോഗപ്പേര് 'ചീഫ് സെക്രട്ടറി ടു ദിവാൻ.' എന്നത് ബ്രിട്ടീഷ് ഭരണ മാതൃകയിൽ ആണ് ‘ചീഫ് സെക്രട്ടറി ടു ഗവൺമെന്റ്' എന്നാക്കിയത്.

താണുപിള്ള അക്കാലത്തെ തിരുവിതാംകൂറിലെ യുവാക്കളുടെ ആരാധനാപാത്രമായിരുന്നു. തിരുവിതാംകൂറിൽ ആദ്യമായി എം.എ. പരീക്ഷ പാസായ അദ്ദഹം ഉപയോഗിച്ച, സെക്രട്ടേറിയറ്റിലെ ചാരുകസേരയെ വണങ്ങി അതിലിരുന്നതിനെപ്പറ്റി അഭിമാനത്തോടെ സി.പി. പറയാറുണ്ട്.

അച്ഛനോടൊപ്പം തൈക്കാട്ടെ റസിഡൻസി മന്ദിരത്തിൽ ചെറുപ്പകാലം മുതൽ പോയിട്ടുള്ള സി.പി. അവിടെ ഉണ്ടായിരുന്ന അപൂർവ ഇംഗ്ലീഷ് പുസ്തകത്തിന്റെ ശേഖരം മറുനാട്ടുകാരനായ ചീഫ് സെക്രട്ടറി എടുത്തുകൊണ്ടുപോയതിൽ അരിശം കൊള്ളാറുണ്ടായിരുന്നു. അതുപോലെ റസിഡൻസി മന്ദിരത്തിന്റെ ശോച്യാവസ്ഥയെപ്പറ്റിയും സി.പി. നായർ പലപ്പോഴും ആകുലപ്പെട്ടിട്ടുണ്ട്. ഇനി അതെല്ലാം ഓർമ്മകൾ മാത്രം.

Content Highlights: C P Nair a man who loved Trivandrum and its history