തിരുവനന്തപുരം: പക്ഷിക്കൂട്ടത്തെ ആകർഷിക്കുംവിധം താഴെ മാലിന്യക്കൂനകളുയരുമ്പോൾ പറന്നുയരാൻ ഭയക്കുകയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാനങ്ങൾ. തിരുവനന്തപുരത്തെത്തുന്ന വിമാനങ്ങൾക്ക് പക്ഷിക്കൂട്ടം വലിയ ഭീഷണിയെന്ന്‌ വ്യോമസേനാ അധികൃതർ തന്നെ പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല.

വിമാനത്താവളത്തിന്റെ രണ്ട് കിലോമീറ്ററെങ്കിലുമുള്ള മേഖലകളിൽ പക്ഷികളെ ആകർഷിക്കാതിരിക്കാനായി മാലിന്യരഹിത മേഖലയാക്കണമെന്നാണ് വ്യോമസേനാധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിമാനത്താവളത്തിന്റെ പരിസരത്ത് പ്രാദേശിക തലത്തിലുള്ള മീൻവിൽപ്പന, അറവുശാലകൾ, പച്ചക്കറി വിൽപ്പന എന്നിവയാണ് പക്ഷികളെ ആകർഷിക്കുന്നത്. മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള അഞ്ചേക്കർ തുറസായ സ്ഥലത്ത് മാംസമാലിന്യങ്ങൾ കൊണ്ടിടുന്നതാണ് പക്ഷികളുടെ എണ്ണം കൂടാൻ കാരണം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് രാജ്യാന്തരതലത്തിൽ സഞ്ചരിക്കുന്നതിന് അടുത്തിടെ വാങ്ങിയ എയർ ഇന്ത്യാ വൺ എന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ മാസത്തിൽ നാലുതവണ പരിശീലനപ്പറക്കലിന്റെ ഭാഗമായി വന്നുപോകാറുണ്ട്. ഇതുൾപ്പെടെയുള്ള വിമാനങ്ങൾ വന്നിറങ്ങുമ്പോഴും തിരികെ മടങ്ങുമ്പോഴും പക്ഷിക്കൂട്ടം വന്നിടിക്കുന്നത് ഭീഷണിയാണെന്നുകാണിച്ചാണ് വ്യോമസേനാധികൃതർ ചീഫ് സെക്രട്ടറിക്കും മറ്റുദ്യോഗസ്ഥർക്കും മേയർ അടക്കമുള്ള ജനപ്രതിനിധികൾക്കും കത്തുനൽകിയത്. എന്നാൽ നടപടികൾ ഉണ്ടായില്ല.

വിമാനപാതയിൽ 5000-ത്തിലേറെ പക്ഷികളെത്താറുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പകൽസമയത്ത് പരുന്തുകൾ, കാക്കകൾ, കൊക്കുകൾ എന്നിവയുടെ കൂട്ടവും സന്ധ്യയോടെ മൂങ്ങകളുമാണ് ഭീഷണിയാകുന്നത്. പുറപ്പെടാനും ഇറങ്ങാനുമെത്തുന്ന വിമാനങ്ങളുടെ പാതയിൽ പക്ഷികൾ വന്നിടിച്ച് എൻജിന് കേടുപാടുകളുണ്ടാകാറുണ്ട്.

വിമാനത്താവളത്തിൽ പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ രണ്ട് കിലോയോളം തൂക്കമുള്ള മൂങ്ങ കുടുങ്ങിയതിനെത്തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. ഒമാൻ എയർവേയ്‌സ് വിമാനത്തിന്റെ മുൻചക്രത്തിൽ പരുന്തിടിച്ച് മുൻചക്രത്തിന് തകരാറുണ്ടായി. സൗദി എയർലൈൻസിന്റെ മുൻഭാഗത്ത് മൂങ്ങയിടിച്ച് കേടുപാടുണ്ടായി. കഴിഞ്ഞവർഷം വിമാനങ്ങളിൽ പക്ഷിയിടിച്ചത് 15 തവണയാണ്. ഇക്കൊല്ലം അഞ്ചെണ്ണവും.

പൊന്നറ പാലത്തിന്റെ മേഖയിലുള്ള അറവുശാലകളിലെ മാംസമാലിന്യങ്ങൾ മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൗൺസിലർ ഷാജിദാ നാസർ പറഞ്ഞു. ലാൻഡിങ് മേഖലയ്ക്കടുത്തുള്ള പാർവതീപുത്തനാറിനു സമീപവും മാലിന്യമെറിയുന്നുണ്ട്. ഇവിടെയിപ്പോൾ അനധികൃത മീൻകച്ചവടവുമുണ്ട്. ഇവിടത്തെ കാടുമാറ്റി തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗിച്ച് കൃഷിയിടമാക്കുമെന്ന് കൗൺസിലർ പറഞ്ഞു.