തിരുവനന്തപുരം: ബീമാപള്ളിയിലെ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. പത്തുനാൾ ബീമാപള്ളിയും പരിസരവും ഭക്തിയിലാഴും. ഉറൂസിന് മുന്നോടിയായി പള്ളിയും പരിസരവും ദീപപ്രഭയിലായി.

രാവിലെ എട്ടിന് നടക്കുന്ന പ്രാർഥനയ്ക്കുശേഷം 8.30-ന് പള്ളിയങ്കണത്തിൽനിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. പത്തരയോടെ പള്ളിയിൽ തിരികെയെത്തും.

തുടർന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥന നടക്കും. 11 മണിയോടെ പത്തുദിവസത്തെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് ബീമാപള്ളി മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് എ.അഹമ്മദ്ഖനി ഹാജി പള്ളിമിനാരങ്ങളിലേക്ക് ഇരുവർണ പതാകയുയർത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്.ശിവകുമാർ എം.എൽ.എ., മേയർ വി.കെ.പ്രശാന്ത് എന്നിവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.

ഉറൂസ് സമാപനദിവസമായ 17-ന് പുലർച്ചെ 1.30-ന് പള്ളിയങ്കണത്തിൽനിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. വിശ്വാസികൾ അണിനിരക്കുന്ന ഘോഷയാത്രയിൽ ആടയാഭരണങ്ങളാൽ അലങ്കരിച്ച കുതിരകൾ, മുത്തുക്കുടയേന്തിയവർ, ദഫ്മുട്ടുകാർ എന്നിവർ പങ്കെടുക്കും. 4.30-ന് ഘോഷയാത്ര പള്ളിയിൽ മടങ്ങിയെത്തും. ചീഫ് ഇമാം അൽഹാജ് ഹസൻ അഷ്‌റഫി ഫാളിൽ ബാഖവിയുടെ മുഖ്യകാർമികത്വത്തിൽ പ്രത്യേകപ്രാർഥന നടക്കും. തുടർന്ന് വിശ്വാസികൾക്ക് അന്നദാന വിതരണവും നടത്തും. ഉറൂസ് ദിവസങ്ങളിൽ മുനാജാത്ത്, മൗലൂദ് പാരായണം, റാത്തീഫ്, ബുർദ, മതപ്രഭാഷണം എന്നീ പരിപാടികളുണ്ടാകുമെന്ന് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കെ.അമാനുള്ള അറിയിച്ചു.

സുരക്ഷയ്ക്ക് 250 പോലീസുകാർ

ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് സുരക്ഷയ്ക്കായി വനിതാ പോലീസടക്കം 250 പേരെ നിയോഗിച്ചിട്ടുണ്ട്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. ഉറൂസ് ദിവസങ്ങളിൽ അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, നഗരസഭജീവനക്കാർ, ജല അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളിൽനിന്ന്‌ കെ.എസ്.ആർ.ടി.സി.യും സർവീസ് നടത്തും.

Content Highlight: Bhimappally Uroos Thiruvananthapuram