മലയിൻകീഴ്: കനത്ത മഴയിലും കാറ്റിലും മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി നശിച്ചു. വാഴ, റബ്ബർ വിളകളാണ് നശിച്ചതിൽ കൂടുതലും. ഓഖി ചുഴലിക്കൊടുങ്കാറ്റിൽ വൻ കൃഷിനാശമുണ്ടായിട്ടും അർഹതപ്പെട്ട നഷ്ടപരിഹാരം ഇതുവരെ കിട്ടാത്തതിനാൽ ഭൂരിഭാഗം കർഷകരും ഇത്തവണ പരാതി കൊടുക്കാൻ മടിക്കുകയാണ്. മാറനല്ലൂരിൽ കരിങ്ങൽ, കൂവളശ്ശേരി, അരുമാളൂർ, കണ്ടല ഏലാകളിലായി 20 ലക്ഷം രൂപയുടെ വാഴക്ക‍ൃഷി നശിച്ചു. വ്യാപകമായ കൃഷിനാശത്തെക്കുറിച്ചുള്ള കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ.

കരിങ്ങൽ ഏലായിൽ കണ്ടല രാധാശ്രീയിൽ മധുസൂദനൻനായരുടെ ആയിരത്തോളം വാഴകളാണ് കാറ്റിൽ ഒടിഞ്ഞത്. മലയിൻകീഴിൽ മണപ്പുറം ഏലായിൽ പുത്തൻവീട്ടിൽ വിക്രമൻനായർ, കുണ്ടൂർക്കോണം മേലെപുത്തൻവീട്ടിൽ ജോൺ, രാമചന്ദ്രൻ എന്നിവരുടെ ആയിരത്തോളം വാഴകൾ നശിച്ചു. ഏത്തൻ, കപ്പ, പാളയംകോടൻ എന്നീ ഇനങ്ങളാണിവർ കൃഷി ചെയ്തിരുന്നത്. വിളപ്പിൽ പഞ്ചായത്തിലെ വിട്ടിയം, വെള്ളൈക്കടവ്, കരുവിലാഞ്ചി ഏലാകളിലായി ആയിരത്തോളം വാഴ നശിച്ചതായാണ് ആദ്യകണക്ക്. വിട്ടിയത്തെ സദാശിവപണിക്കർ, രത്നാകരൻ എന്നീ കർഷകർക്കാണ് കൃഷിനാശമുണ്ടായത്.

ഇടയ്ക്കിടെയുണ്ടാകുന്ന കൃഷിനാശംമൂലം ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാനാവുന്നില്ലെന്നും ജീവിതം ദുരിതത്തിലാണെന്നും അരനൂറ്റാണ്ടായി കൃഷി ചെയ്യുന്ന ജോൺ പറഞ്ഞു. ഓഖി നഷ്ടപരിഹാരത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ച നാമമാത്രമായ നഷ്ടപരിഹാരം കർഷകരുടെ അക്കൗണ്ടിലൂടെ വിതരണം ചെയ്തതായി മലയിൻകീഴ് കൃഷി ഓഫീസർ ചിത്ര വി.ജി. പറഞ്ഞു. സംസ്ഥാനവിഹിതം അനുവദിക്കാനാണ് വൈകുന്നത്.