ബാലരാമപുരം: തൊഴിലാളികൾക്ക് എട്ടുമാസമായി ശമ്പളമില്ലെന്നും അഞ്ചുമാസമായി സർക്കാർ നൂൽ ലഭ്യമാക്കുന്നിെല്ലന്ന പരാതിയെയും തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പയറ്റുവിളയിലെ നെയ്ത്തുകേന്ദ്രം സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടുകൂടിയാണ് എം.വിൻസന്റ് എം.എൽ.എ.യ്ക്കൊപ്പം പ്രതിപക്ഷ നേതാവ് നെയ്ത്തുകേന്ദ്രത്തിലെത്തിയത്. അരമണിക്കൂറോളം തൊഴിലാളികളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.

സൗജന്യ സ്കൂൾ യൂണിഫോം തുണിയാണ് ഇവിടങ്ങളിൽ ഉത്പാദിപ്പിക്കുന്നത്. അഞ്ച് മാസമായി നൂൽ വിതരണം ചെയ്യാത്തതുമൂലം ജോലി നടക്കുന്നില്ല. നെയ്ത്തിന്റെയും സംഘത്തിന്റെയും നടത്തിപ്പിനായി നൽകിക്കൊണ്ടിരുന്ന 30 രൂപ 54 പൈസ വെറും 4രൂപ 92 പൈസയായി ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ സർക്കാർ വെട്ടിക്കുറച്ചിരിന്നു. ആയിരം മീറ്റർ ഉദ്പാദിപ്പിക്കുന്ന സംഘത്തിന് ഒരുമാസം 4920 രൂപയാണ് ലഭിക്കുന്നത്. ഇത് കെട്ടിടവാടകയ്ക്കും വൈദ്യത ബില്ലിനും പോലും തികയാത്തുമൂലം സംഘം ജീവനക്കാരും പട്ടിണിയിലാണെന്നും സംഘങ്ങളിലെ ഭാരവാഹികളും തൊഴിലാളികളും പറഞ്ഞു. സ്കൂൾ യൂണിഫോം പദ്ധതി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആഹാരത്തിനുപോലും കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സൗജന്യ റേഷനെങ്കിലും അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ഹാന്റ്‌ലൂം സൊസൈറ്റി അസോസിയേഷൻ പ്രസിഡന്റ് ബാലരാമപുരം എം.എ.കരീം, ജനറൽ സെക്രട്ടറി പെരിങ്ങമ്മല വിജയൻ, ഭാരവാഹികളായ വണ്ടന്നൂർ സദാശിവൻ, വട്ടവിള വിജയകുമാർ, കുഴിവിള ശശി, പട്ട്യക്കാല രഘു, കുവളശ്ശേരി പ്രഭാകരൻ, മംഗലത്തുകോണം തുളസീധരൻ, ജയഭദ്രൻ, ജി.സുബോധൻ എന്നിവർ പങ്കെടുത്തു.