തിരുവനന്തപുരം : ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ കുംഭമാസത്തിലെ പ്രസിദ്ധമായ പൊങ്കാല ഇക്കുറി ക്ഷേത്രത്തിൽ മാത്രം. ക്ഷേത്രപൂജാരിമാർ പണ്ടാരയടുപ്പിൽ പൊങ്കാലയർപ്പിക്കും. ഓരോ വർഷവും പരസഹസ്രം വനിതകൾ പങ്കെടുത്തിരുന്ന പൊങ്കാല ക്ഷേത്രച്ചടങ്ങുകൾ മാത്രമായി ഒതുങ്ങുന്നത് ചരിത്രത്തിലാദ്യമായാണ്. ഫെബ്രുവരി 19-ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. 27-നാണ് പൊങ്കാല. 28-ന് രാത്രി കുരുതിയോടെ ഉത്സവം സമാപിക്കും.

ഞായറാഴ്ച ചേർന്ന ക്ഷേത്ര ട്രസ്റ്റ് ബോർഡ് യോഗത്തിലാണ്, ഭക്തരെ പങ്കെടുപ്പിച്ചുള്ള പൊങ്കാല ഒഴിവാക്കാൻ തീരുമാനിച്ചത്. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി നിശ്ചിത എണ്ണം ഭക്തർക്ക് ക്ഷേത്രപരിസരത്തു മാത്രം പൊങ്കാലയിടാമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരുന്നത്. ഇക്കാര്യം ബോർഡ് യോഗത്തിൽ ചർച്ചചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് പൊങ്കാല ഒഴിവാക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്. രജിസ്റ്റർ ചെയ്യുന്ന എല്ലാ ഭക്തർക്കും പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നതിനും തടസ്സമുണ്ടാകും. ഇതിനൊപ്പം ആൾക്കൂട്ടം ഒഴിവാക്കുന്ന രീതിയിൽ ഉത്സവത്തിന്റെ ചടങ്ങുകളിലെല്ലാം നിയന്ത്രണമുണ്ടാവും. കുത്തിയോട്ടം, താലപ്പൊലി എന്നിവ ഒഴിവാക്കി പണ്ടാര ഓട്ടം മാത്രം നടത്തും. പൊങ്കാലയ്ക്കു ശേഷം ദേവിയെ മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എന്നാൽ തട്ടനിവേദ്യം, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.

ക്ഷേത്രത്തിൽ ഉത്സവസമയത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് സാമൂഹികാകലം ഉറപ്പാക്കി ഭക്തർക്ക് ദർശനം ഉറപ്പാക്കും. ക്ഷേത്രത്തിനു പുറത്ത് ചെറിയ സ്റ്റേജ് നിർമ്മിച്ച് ക്ഷേത്രകലകളുടെ അവതരണവും ഉണ്ടായിരിക്കും. അന്നദാനമുൾപ്പെടെയുള്ളവ നടത്തുന്ന കാര്യത്തിൽ പോലീസുമായും മറ്റു സർക്കാർ വകുപ്പുകളുമായും കൂടിയാലോച്ചിച്ചശേഷം തീരുമാനമെടുക്കും. വെർച്വൽ ക്യൂവിനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. പൊങ്കാലദിവസം ഭക്തർക്ക് അവരവരുടെ വീടുകളിൽ പൊങ്കാലയിടാമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. എന്നാൽ, തലസ്ഥാനത്ത് പതിവുള്ള വിധം പൂജാരിമാരെത്തി പൊങ്കാലനിവേദ്യം നടത്തുന്നതല്ലെന്നും അധികൃതർ അറിയിച്ചു.

2020 മാർച്ചിൽ കോവിഡ് വ്യാപനത്തിന്റെ ഭീതിക്കിടയിലും ആറ്റുകാൽ പൊങ്കാല മംഗളകരമായി നടന്നിരുന്നു. വിദേശികൾ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ഭക്തർക്ക് പൊങ്കാലയർപ്പിക്കാൻ വലിയ നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ല. പൊങ്കാലയിൽ പങ്കെടുക്കുന്നവരെ വിവിധ സർക്കാർ ഏജൻസികൾ നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ നടന്ന ഏക ഉത്സവവും കുംഭത്തിലെ ആറ്റുകാൽ പൊങ്കാലയും ഉത്സവവുമായിരുന്നു. മീനത്തിൽ നടക്കേണ്ട ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലെ ആണ്ടുവിശേഷങ്ങളെല്ലാം മാറ്റിവച്ചിരുന്നു. ഈ ഉത്സവങ്ങളെല്ലാം ലോക്ഡൗണിന് മാസങ്ങൾക്കു ശേഷം ഘട്ടംഘട്ടമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയത്.ഉത്സവസമയത്ത് സാമൂഹികാകലം ഉറപ്പാക്കി ഭക്തർക്ക് ദർശനം അനുവദിക്കും

Content Highlights: Attukal Pongala will be allowed at temple premises with limited participation