ആറ്റിങ്ങൽ: ഏതുനിമിഷവും നിലംപൊത്തുമെന്നനിലയിൽ ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖമണ്ഡപം. കൊട്ടാരവളപ്പിലെ ക്ഷേത്രങ്ങളും മുഖമണ്ഡപമുൾപ്പെടുന്ന എടുപ്പുകളും തിരുവിതാകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണ്. മുഖമണ്ഡപം നന്നാക്കി സംരക്ഷിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് കേന്ദ്രപുരാവസ്തുവകുപ്പ് ദേവസ്വംബോർഡിന്‌ രണ്ടുതവണ കത്തു നൽകി. എന്നാൽ, ദേവസ്വംബോർഡ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചരിത്രത്താളുകളിൽ തലയെടുപ്പോടെ നിൽക്കുന്ന ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖമണ്ഡപവും അവശേഷിക്കുന്ന കൊട്ടാരക്കെട്ടുകളും സംരക്ഷിക്കാൻ നടപടികളുണ്ടാകാത്തതിൽ കനത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.

തിരുവിതാംകൂർ രാജകുടുംബത്തിന്റെ അമ്മവീടെന്ന നിലയിലും അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവെന്ന നിലയിലും ആറ്റിങ്ങൽ കൊട്ടാരത്തിനുള്ള ചരിത്രപ്രാധാന്യം വലുതാണ്. ഏകദേശം പത്തേക്കർ വിസ്തൃതിയിലാണ് കൊട്ടാരസമുച്ചയം. ഇതിൽ നാലു ക്ഷേത്രങ്ങളുൾപ്പെടുന്ന വലിയൊരു ഭാഗം തിരുവിതാംകൂർ രാജകുടുംബം ദേവസ്വംബോർഡിനു കൈമാറുകയായിരുന്നു. ചാവടിക്കു വടക്കുഭാഗത്തെ വസ്തുവകകൾ കുടുംബാംഗങ്ങൾ സ്വകാര്യവ്യക്തികൾക്കു കൈമാറി. പൊളിഞ്ഞുതുടങ്ങിയ മുഖമണ്ഡപം നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ദേവസ്വംബോർഡിനും വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങൾ നൽകി. എന്നാൽ, നടപടികൾ അധികൃതരുടെ സന്ദർശനങ്ങളിൽ മാത്രം ചുരുങ്ങി. ഇതേത്തുടർന്നാണ് കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പുരാവസ്തുവകുപ്പിനു നിവേദനം നൽകിയത്.

കേരളീയ വാസ്തുശില്പമാതൃകയിൽ കല്ലും മരവും കൊണ്ടാണു കൊട്ടാരം നിർമിച്ചിട്ടുള്ളത്. മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നത് ഈ മുഖമണ്ഡപമാണ്. ഇതിനോടുചേർന്നുള്ള ഊട്ടുപുരയിലാണിപ്പോൾ ദേവസ്വംബോർഡിന്റെ ക്ഷേത്രകലാപീഠം പ്രവർത്തിക്കുന്നത്. മുഖമണ്ഡപത്തിന്റെ തകർച്ച ക്ഷേത്രകലാപീഠത്തിലെ വിദ്യാർഥികൾക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്. കൊട്ടാരവും മുഖമണ്ഡപവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ആർ.എസ്.പ്രശാന്ത് ഒരുമാസം മുമ്പും ദേവസ്വംബോർഡ് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.

മുഖമണ്ഡപം പുതുക്കിപ്പണിത് സംരക്ഷിതസ്മാരകമാക്കാൻ താത്‌പര്യമുണ്ടെന്നു കാട്ടി 2019 ഓഗസ്റ്റ് 13-ന് പുരാവസ്തുവകുപ്പധികൃതർ തിരുവിതാംകൂർ ദേവസ്വംബോർഡ് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നു. ഈ കത്തിനു മറുപടി ലഭിക്കാതിരുന്നതിനെത്തുടർന്ന് ഡിസംബർ 11-ന് ഓർമ്മപ്പെടുത്തൽ നടത്തി. എന്നാൽ, ദേവസ്വംബോർഡിന്റെ ഭാഗത്തുനിന്ന്‌ ഒരു നടപടിയുമുണ്ടായിട്ടില്ല.

നടപടികളുമായി മുന്നോട്ടുപോകണമെങ്കിൽ ദേവസ്വംബോർഡിന്റെ മറുപടി ലഭിക്കണമെന്ന് പുരാവസ്തുവകുപ്പധികൃതർ പറയുന്നു. ഇരുകൂട്ടരും ഒരുമിച്ചു ചർച്ച നടത്തിയതിനുശേഷമേ നവീകരണവും സംരക്ഷണവും സംബന്ധിച്ച വിഷയങ്ങളിൽ വ്യക്തതയുണ്ടാകൂവെന്നും പുരാവസ്തുവകുപ്പധികൃതർ പറഞ്ഞു.

ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖമണ്ഡപം നന്നാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ് പദ്ധതി തയ്യാറാക്കി കണക്കെടുപ്പ് നടത്തിയതായാണ് മനസ്സിലാക്കുന്നതെന്ന് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. പുരാവസ്തുവകുപ്പിന്റെ കത്തിനെക്കുറിച്ച് അറിയില്ല. പുരാവസ്തുവകുപ്പ് താത്‌പര്യം പ്രകടിപ്പിച്ചാൽ ഉറപ്പായും പരിഗണിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.