ആറ്റിങ്ങൽ: കടമ്പാട്ടുകോണം-കഴക്കൂട്ടം ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ബൈപ്പാസ് നിർമിക്കുമ്പോൾ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ ഭാഗങ്ങൾ നഷ്ടമാകുമെന്ന് ആശങ്ക. നിലവിലെ രൂപരേഖയനുസരിച്ച് 45 മീറ്ററിൽ റോഡ് നിർമിക്കുമ്പോൾ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് മൂലയും ആനക്കൊട്ടിലും കൂത്തമ്പലവും നഷ്ടമാകുമെന്നാണ് ആശങ്ക.

ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുകോണ് നഷ്ടമായാൽ വാസ്തുശാസ്ത്രപ്രകാരമുള്ള കണക്കുകൾ തെറ്റുമെന്നും അത് ക്ഷേത്രത്തിന്റെ നിലനില്പിനെ ബാധിക്കുമെന്നുമാണ് കരുതുന്നത്. ഇതുസംബന്ധിച്ച് ക്ഷേത്രോപദേശകസമിതി ദേശീയപാത വികസന അതോറിറ്റിക്കും സർക്കാരിനും നിവേദനം നല്കി.

ആറ്റിങ്ങൽ ബൈപ്പാസിനായി രൂപരേഖ തയ്യാറാക്കിയത് 2008-ലാണ്. ആകാശ സർവേ നടത്തി റോഡിന്റെ ഭൂപടം തയ്യാറാക്കുകയായിരുന്നു. 2010-ലും 2012-ലും 2018-ലും ഇതിനായി മൂന്ന് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. ഇപ്പോൾ നാലാമത്തെ വിജ്ഞാപനവുമായി. സർവേ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 3എ വിജ്ഞാപനം പുറപ്പെടുവിച്ചാൽ 21 ദിവസം കാലാവധി കഴിയുമ്പോൾ ഭൂമിയേറ്റെടുക്കുന്നതിനുള്ള 3ഡി വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുമെന്നതരത്തിൽ നടപടികൾ മുന്നേറുകയാണ്.

റോഡിന്റെ രൂപരേഖ വന്നപ്പോൾ തിരുവാറാട്ടുകാവും ഇടയാവണത്തു ക്ഷേത്രവുമായി ബന്ധപ്പെട്ട് പരാതികളുണ്ടായിരുന്നു. 2008-ൽ തയ്യാറാക്കിയ രൂപരേഖയനുസരിച്ചാണ് ഇപ്പോഴും സർവേ നടപടികൾ നടന്നിട്ടുള്ളത്. ഈ രൂപരേഖ മാറ്റിയാൽ കൂടുതൽ ജനവാസകേന്ദ്രങ്ങളെ ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ദേവസ്വംമന്ത്രിയും ജില്ലാകളക്ടറുമടക്കം സ്ഥലം സന്ദർശിച്ച് വിവരങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.

ഏഴു നൂറ്റാണ്ടിലധികം പഴക്കമുള്ള തിരുവാറാട്ടുകാവ് ദേവീക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദേവതാസ്ഥാനമാണ്. 2010-ൽ ദേശീയപാത വികസന അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഈ ക്ഷേത്രമോ ക്ഷേത്രംവക ഭൂമിയോ ഉൾപ്പെട്ടിരുന്നില്ലെന്ന് ക്ഷേത്രോപദേശക സമിതി പറയുന്നു. പിന്നീട് വന്ന വിജ്ഞാപനങ്ങളിലാണ് ക്ഷേത്രഭൂമികൂടി ഉൾപ്പെട്ടത്.

രൂപരേഖയനുസരിച്ച് റോഡിനുള്ള ഭൂമി ഏറ്റെടുത്തുനല്കുന്ന ചുമതലയാണ് റവന്യു വകുപ്പിനുള്ളതെന്ന് സ്പെഷ്യൽ തഹസീൽദാർ ശ്രീകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് മറ്റുനടപടികൾക്കൊന്നും വകുപ്പിനു കഴിയില്ലെന്നും തഹസീൽദാർ അറിയിച്ചു.

ആറ്റിങ്ങൽ കൊട്ടാരം ചരിത്രസ്മാരകമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊട്ടാരവും രാജകുടുംബവുമായി ബന്ധമുള്ള ക്ഷേത്രം റോഡിനായി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.

ക്ഷേത്രം സംരക്ഷിക്കണം -അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായി

കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രം സംരക്ഷിച്ചുകൊണ്ട് ആറ്റിങ്ങൽ ബൈപ്പാസ് പദ്ധതി നടപ്പാക്കണമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതിതിരുനാൾ ഗൗരിലക്ഷ്മീബായി.

അരിയിട്ടുവാഴ്ച ചടങ്ങിനായി കൊല്ലമ്പുഴയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുമ്പോഴാണ് രാജകുടുംബാംഗം ക്ഷേത്രത്തെക്കുറിച്ചുള്ള ആശങ്ക പങ്കുെവച്ചത്. ആശങ്കകൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഗൗരിലക്ഷ്മീബായി പറഞ്ഞു.

രൂപരേഖയനുസരിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ മതിൽക്കെട്ടും ആനക്കൊട്ടിലും റോഡിനായി നീക്കം ചെയ്യേണ്ടിവരും. അങ്ങനെവന്നാൽ ക്ഷേത്രത്തിൽ ആചാരപരമായ കാര്യങ്ങൾ നടത്താൻ പ്രയാസമുണ്ടാകും. വലിയവാഹനങ്ങൾ ക്ഷേത്രത്തിനടുത്തുകൂടി കടന്നുപോകുന്നത് പഴക്കം ചെന്ന ക്ഷേത്രത്തിന് ക്ഷതമേല്പിച്ചെന്നും വരും. ഈ ആശങ്കകളാണ് അധികൃതരെ അറിയിച്ചിട്ടുള്ളതെന്നും രാജകുടുംബാംഗം പറഞ്ഞു.

ആശങ്ക അറിയിച്ചു -സ്മെക് ഇന്ത്യ

റോഡിന്റെ രൂപരേഖയിൽ മാറ്റംവരുത്താൻ കഴിയില്ലെന്നാണ് മനസ്സിലായിട്ടുള്ളതെന്ന് പദ്ധതിയുടെ ചുമതലയുള്ള സ്മെക് ഇന്ത്യ പ്രോജക്ട് കോ-ഓർഡിനേറ്റർ സി.എസ്.ഗോപകുമാർ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. തിരുവാറാട്ടുകാവിനും ഇടയാവണത്തുക്ഷേത്രത്തിനും വലിയ പ്രശ്നമുണ്ടാവാത്ത തരത്തിലാണ് രൂപരേഖയെന്നാണ് മനസ്സിലാക്കുന്നത്. റോഡ് നിർമിക്കുമ്പോൾ ക്ഷേത്രഭാഗങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ടെന്നും കോ-ഓർഡിനേറ്റർ പറഞ്ഞു.