ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിച്ചു. പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ച് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണിപ്പോൾ സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് സ്ഥാനാർഥികൾ നടത്തുന്നത്. ശക്തമായ വെയിലും ചൂടും വകവയ്ക്കാതെ പ്രചാരണം കൊഴുക്കുകയാണിവിടെ.

എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.എസ്.അംബിക ചൊവ്വാഴ്ച കിളിമാനൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്. പ്രധാന ജങ്ഷനുകളും തൊഴിലിടങ്ങളും വ്യാപാരകേന്ദ്രങ്ങളും സന്ദർശിച്ചു. പോങ്ങനാട്, മുളയ്ക്കലത്തുകാവ്, ആരൂർ, തെന്നൂർ, പനപ്പാംകുന്ന് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കടമ്പാട്ടുകോണം കോളനിയിലെത്തി കോളനി നിവാസികളോട് വോട്ടുതേടി.

attingal
യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.ശ്രീധരന്‍ ചെറുന്നിയൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് കേന്ദ്രം സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിക്കുന്നു

യു.ഡി.എഫ്. സ്ഥാനാർഥി എ.ശ്രീധരൻ ചെറുന്നിയൂർ പഞ്ചായത്തിലായിരുന്നു ചൊവ്വാഴ്ച പര്യടനം നടത്തിയത്. കാറാതലചന്ത, അമ്പിളിച്ചന്ത എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. തൊഴിലുറപ്പ് പണികൾ നടക്കുന്ന കേന്ദ്രങ്ങളിലെത്തി തൊഴിലാളികളെ കണ്ടു. പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കളും സ്ഥാനാർഥിയോടൊപ്പം പ്രചാരണത്തിനുണ്ടായിരുന്നു.

എൻ.ഡി.എ. സ്ഥാനാർഥി പി.സുധീർ ചൊവ്വാഴ്ച വക്കം പുത്തൻനട മഹാദേവക്ഷേത്രത്തിൽ നിന്നാണ് പര്യടനം തുടങ്ങിയത്. വക്കം ചന്ത, ചന്തമുക്ക്, നിലയ്ക്കാമുക്ക്, കണ്ണുകീറി വിഷ്ണുക്ഷേത്രം, പണയിൽക്കടവ് ലക്ഷംവീട് കോളനി എന്നിവിടങ്ങളിൽ വോട്ടുതേടി. കിളിമാനൂർ കൊട്ടാരം സന്ദർശിച്ചു. പോങ്ങനാട് ജങ്ഷനിലെ വ്യാപാരകേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.

attingal
ബി.ജെ.പി. സ്ഥാനാര്‍ഥി പി.സുധീര്‍ പണയില്‍ക്കടവ് ലക്ഷംവീട് കോളനി സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിക്കുന്നു