ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജ് വളപ്പിൽ രൂക്ഷമായതോതിൽ മാലിന്യം തള്ളുന്നു.

റോഡിൽനിന്നുള്ള ഓട തുറന്നിരിക്കുന്നത് കോളേജ് വളപ്പിലേക്കാണ്. കൂടാതെ കടകളിൽനിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതും ഇവിടെയാണ്.

കോളേജ് വളപ്പിൽ ജൈവവൈവിധ്യ മേഖലയായി സൂക്ഷിച്ചിട്ടുള്ള ഭാഗമാണിപ്പോൾ മാലിന്യപ്രശ്നം നേരിടുന്നത്. ദുർഗന്ധം കാരണം ഈ ഭാഗത്തേക്കിപ്പോൾ കടന്നുചെല്ലാൻ പറ്റാത്ത സ്ഥിതിയാണ്.

കിഴക്കേ നാലുമുക്കിൽ അയിലം റോഡിൽനിന്നുള്ള ഓടയാണ് കോളേജ് വളപ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി തുറന്നിരിക്കുന്നത്. മഴവെള്ളം ഒഴുകിയെത്താൻവേണ്ടിയാണ് ഈ സംവിധാനമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കടകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യമാണ് ഇവിടെയെത്തുന്നത്.

കടകളുടെ മാലിന്യക്കുഴലുകൾ ഓടയിലേക്കാണ് തുറന്നിരിക്കുന്നത്.

കോളേജിലെ പൂർവവിദ്യാർഥികൾ ഈ ഭാഗത്ത് സംരക്ഷിതവനമൊരുക്കാനുള്ള ശ്രമത്തിലാണ്. ഓടയിൽനിന്നുള്ള മാലിന്യമൊഴുക്ക് തടയാതെ ഈ ഭാഗം സംരക്ഷിച്ച് നിലനിർത്താൻ കഴിയില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

ഓട തുറന്നിരിക്കുന്നതിന് സമീപത്തായി കടകളിൽ നിന്നുള്ള ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ തള്ളിയിട്ടുണ്ട്.

മാലിന്യം പെരുകിയതോടെ തെരുവുനായശല്യവും രൂക്ഷമായി. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നടപടിയുണ്ടായിട്ടില്ല.

കോളേജ് വളപ്പിലെ നിലത്തിൽ വിദ്യാർഥികൾ കൃഷി ചെയ്തിട്ടുണ്ട്. നെല്ലും വാഴയും പച്ചക്കറികളും മരച്ചീനിയുമുൾപ്പെടെയുള്ളവയാണ് കൃഷി ചെയ്തിരിക്കുന്നത്. മഴപെയ്താൽ ഓടയിൽനിന്നുള്ള മാലിന്യം വയലിലേക്കൊഴുകിയെത്തും.

വയലിൽ മാലിന്യം നിറയുന്നത് കുട്ടികളുടെ ആരോഗ്യത്തിനും ഭീഷണിയാണ്.