ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അട്ടിമറിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് യു.ഡി.എഫ്. പ്രവർത്തകർ. 1989-ലെ തിരഞ്ഞെടുപ്പിൽ തലേക്കുന്നിൽ ബഷീർ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിനുശേഷം ഇപ്പോഴാണ് ആറ്റിങ്ങലിൽ യു.ഡി.എഫിന് വിജയിക്കാനായത്.

ഇടതുകോട്ടയെന്നറിയപ്പെട്ടിരുന്ന ആറ്റിങ്ങലിൽ യു.ഡി.എഫ്. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആഹ്ലാദം അണപൊട്ടിയൊഴുകുന്നതാണ് വ്യാഴാഴ്ച മണ്ഡലത്തിലെല്ലായിടത്തും കണ്ടത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞതോടെ യു.ഡി.എഫ്. ഏതാണ്ട് വിജയം ഉറപ്പാക്കിക്കഴിഞ്ഞിരുന്നു. അതോടെ ആഹ്ലാദപ്രകടനങ്ങളും ആരംഭിച്ചു. മൂന്നുമണിയോടെ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങളിൽ നഗരപ്രദക്ഷിണം തുടങ്ങി. ആറുമണിയോടെ യു.ഡി.എഫ്. പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

ഗ്രാമപ്രദേശങ്ങളിലും പ്രധാന കവലകളിലെല്ലാം ആഹ്ലാദപ്രകടനങ്ങളുണ്ടായി. പായസവിതരണം, മധുരപലഹാര വിതരണം എന്നിവയും നടത്തി.