ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനു ഭൂമിയേറ്റെടുക്കൽ തുടങ്ങി. പുറമ്പോക്കും സർക്കാർവക ഭൂമിയും ഏറ്റെടുത്തുകൊണ്ടാണ് പദ്ധതിക്കു തുടക്കമിട്ടത്. മിനിസിവിൽ സ്റ്റേഷന്റെ മതിൽ പൊളിച്ചുകൊണ്ടായിരുന്നു തുടക്കം. നാല്പതു വർഷത്തിനുശേഷമാണ് ആറ്റിങ്ങലിൽ ദേശീയപാതയുടെ വീതികൂട്ടുന്നതിനുള്ള നടപടികൾ നടക്കുന്നത്.

സംസ്ഥാനസർക്കാരിന്റെ ബജറ്റ് വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 2015-16 സാമ്പത്തികവർഷത്തിൽ 23 കോടി രൂപ അനുവദിച്ചിരുന്നു. പൊളിക്കുന്ന മതിലുകൾ പുനർനിർമിക്കുന്നതിന് 2016-17 വർഷത്തിൽ മൂന്നു കോടി രൂപകൂടി വകയിരുത്തി. ഈ തുക ഉപയോഗിച്ചാണ് റോഡ് വികസനം നടത്തുക.

പദ്ധതിപ്രദേശത്ത് 136 പേർ പുറമ്പോക്കുഭൂമി കൈയേറിയതായി കണ്ടെത്തുകയും അവർക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്കുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച വാദംകേൾക്കലും നടത്തി. വാദംകേൾക്കലിൽ വ്യാപാരികൾ ചെറിയതോതിൽ പ്രതിഷേധമുയർത്തിയിരുന്നു. നഷ്ടപരിഹാരം, പുനരധിവാസം, ഒഴിയാൻ കൂടുതൽ സമയമനുവദിക്കണം എന്നീ ആവശ്യങ്ങളായിരുന്നു വ്യാപാരികൾ ഉന്നയിച്ചത്. ഇത് ഉന്നതാധികൃതരുമായി ആലോചിച്ചശേഷം അറിയിക്കുമെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കിയതിനെത്തുടർന്ന് പ്രതിഷേധം കെട്ടടങ്ങി. വാദംകേൾക്കൽ പൂർത്തിയായ സാഹചര്യത്തിലാണ് അടുത്ത നടപടികളിലേക്ക്‌ അധികൃതർ കടന്നത്.

വ്യാഴാഴ്ച രാവിലെ 10.30-ഓടെ കച്ചേരിനടയിലെ പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനായി ഉപകരണങ്ങളുമായി അധികൃതരെത്തി. ഒഴിപ്പിക്കുന്നവർക്ക് ഉപജീവനത്തിനു പകരം എന്ത് സംവിധാനമൊരുക്കുമെന്ന ചോദ്യവുമായി വ്യാപാരികൾ സ്ഥലത്ത് തടിച്ചുകൂടി. തുടർന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെ ഭാരവാഹികൾ ബി.സത്യൻ എം.എൽ.എ., നഗരസഭാധ്യക്ഷൻ എം.പ്രദീപ് എന്നിവരുമായി ചർച്ച നടത്തി.

ഇപ്പോൾ നടപടികളുമായി സഹകരിക്കാനും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും എം.എൽ.എ. അറിയിച്ചു. ഇതേത്തുടർന്ന് പുറമ്പോക്കിൽ കടകൾകെട്ടി കച്ചവടം നടത്തിയിരുന്നവർ സാധനങ്ങൾ പെറുക്കിമാറ്റുകയും കടകൾ പൊളിച്ചുനീക്കുകയും ചെയ്തു. കച്ചേരിനടയിൽ പോലീസ് സ്റ്റേഷനിലേയ്ക്കുള്ള റോഡ് തുടങ്ങുന്നിടത്തുനിന്ന് നാലുമുക്കിലേക്കുള്ള ഭാഗമാണ് വ്യാഴാഴ്ച പൊളിച്ചത്.

പുറമ്പോക്കും സർക്കാർവക ഭൂമിയും സ്വകാര്യവ്യക്തികൾ സൗജന്യമായി വിട്ടുനല്കുന്ന ഭൂമിയും ചേർത്ത് 20 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയത്. എന്നാൽ, സൗജന്യമായി ഭൂമി വിട്ടുനല്കാൻ സ്വകാര്യവ്യക്തികൾ തയ്യാറാകാതിരുന്നതോടെ പദ്ധതിയിൽ ചെറിയമാറ്റങ്ങൾ വരുത്തി. പുറമ്പോക്കും സർക്കാർഭൂമിയും ഏറ്റെടുത്ത് വികസനം നടത്താനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ആറ്റിങ്ങൽ മിനി സിവിൽസ്റ്റേഷനിൽനിന്ന് നാല്, ട്രഷറിവളപ്പിൽനിന്ന് ഒന്നര, നഗരസഭയിൽനിന്ന് മൂന്നര, ബസ് സ്റ്റാൻഡിൽനിന്ന് അരസെന്റും ഉൾപ്പെടെ ഒൻപതര സെന്റാണ് സർക്കാർ വകുപ്പുകളിൽനിന്നു പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുന്നതിന് 4.8 ലക്ഷത്തിനും ഇപ്പോൾ പൊളിക്കുന്ന മതിലുകൾ പുനർനിർമിക്കുന്നതിന് 46 ലക്ഷത്തിനും കരാർനല്കിയിട്ടുണ്ട്. റവന്യൂ വകുപ്പിലെയും ദേശീയപാത വിഭാഗത്തിലെയും ഉദ്യോഗസ്ഥർ നടപടികൾക്കു നേതൃത്വം നല്കി. ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒ.എ.സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

പണം നൽകിയാൽ ഭൂമി നൽകാമെന്ന് പോസ്റ്റൽവകുപ്പ്

ദേശീയപാത വികസനത്തിനായി ആറ്റിങ്ങൽ ഹെഡ്‌ പോസ്റ്റോഫീസിന്റെ സ്ഥലം വിട്ടുനല്കണമെങ്കിൽ വിപണിവില നൽകണമെന്ന് പോസ്റ്റൽവകുപ്പ്. സർക്കാർതലത്തിൽ നടത്തിയ ചർച്ചയിൽ പോസ്റ്റ്മാസ്റ്റർ ജനറലാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യമായി ഭൂമി ലഭ്യമാക്കണമെങ്കിൽ കേന്ദ്രമന്ത്രി സഭചേർന്ന് അംഗീകാരം നല്കാതെ പറ്റില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

അതു നടക്കാത്ത സാഹചര്യത്തിൽ വിപണിവില ഈടാക്കി സ്ഥലംനല്കുന്നതിൽ തടസ്സമില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. പദ്ധതിക്കായി വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി വിട്ടുനല്കാൻ സംസ്ഥാനസർക്കാർ തയ്യാറായ സാഹചര്യത്തിൽ കേന്ദ്രസർക്കാരിൽനിന്നു വിരുദ്ധമായ നിലപാടുണ്ടായത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആവശ്യമുന്നയിച്ച് എ.സമ്പത്ത് എം.പി. പലതവണ കേന്ദ്രമന്ത്രിമാർക്കു നിവേദനം നല്കിയെങ്കിലും നടപടിയുണ്ടാകാത്തതിലാണ് പ്രതിഷേധമുയരുന്നത്.