കഴക്കൂട്ടം : സൈനിക സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം തുടങ്ങിയപ്പോൾ സഹോദരനും സഹോദരിയും ഒരേ ക്ലാസിൽ. മംഗലപുരം പതിനാറാം മൈലിൽ മുഹമ്മദ് മാനാഫിന്റെയും സുൽത്താനയുടെയും മക്കളായ അഫ്റ ഫാത്തിമ (12), മുഹമ്മദ് ഈസ(11) എന്നിവർക്കാണ് പ്രവേശനം ലഭിച്ചത്.

രണ്ടുപേരും ക്രൈസ്റ്റ് നഗർ സ്കൂളിലാണ് മുൻപ് പഠിച്ചത്. അഫ്റ അവിടെ ആറാം ക്ലാസിൽനിന്നും ഏഴാം ക്ലാസിലേക്ക് കടന്നിരുന്നു. മുഹമ്മദ് ഈസ അഞ്ചിൽനിന്ന്‌ ആറാം ക്ലാസിലേക്കും. അപ്പോഴാണ് ഇരുവരും സൈനിക സ്കൂൾ പ്രവേശനത്തിനുള്ള പരീക്ഷ എഴുതിയതും ആറാം ക്ലാസ്‌ പ്രവേശനം ലഭിച്ചതും.

കഴക്കൂട്ടം സൈനിക് സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് പെൺകുട്ടികളെ ബാച്ചായി പ്രവേശിപ്പിക്കുന്നത്.

വെള്ളിയാഴ്ച സ്കൂളിൽ എത്തിയവരിൽ വേദ ഷിബു തിരുവനന്തപുരം പരുത്തിപ്പാറയിലും ദേവനന്ദ തിരുവനന്തപുരം പി.ടി.പി. നഗറിലും പൂജാലക്ഷ്മി കൊല്ലം അഴീക്കലിലും നിന്നാണ് വരുന്നത്. ഇവരുടെ രക്ഷാകർത്താക്കളും സ്‌കൂളിൽ എത്തിയിരുന്നു.

ഒരു ബാച്ചായി പെൺകുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നത് ഇതാദ്യമായാണ്. ഓൺലൈൻ ക്ലാസുകൾ ബുധനാഴ്ച ആരംഭിച്ചു.