ആര്യനാട്: വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ ജല അതോറിറ്റിയുടെ ആര്യനാട് സെക്ഷൻ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക്. ആര്യനാട് പഞ്ചായത്ത് അനുവദിച്ച സ്ഥലത്താണ് കെട്ടിടം പണിതത്. മന്ദിരം വ്യാഴാഴ്ച മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
സ്വന്തമായി സ്ഥലമുണ്ടായിട്ടും വാടകക്കെട്ടിടങ്ങളിലായിരുന്നു ഓഫീസിന്റെ പ്രവർത്തനം. 1986-ൽ കെ.പങ്കജാക്ഷൻ എം.എൽ.എ.യായിരിക്കുമ്പോഴാണ് ആര്യനാട്ട് ജല അതോറിറ്റി ഓഫീസ് അനുവദിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ആര്യനാട് മേലേച്ചിറയിൽ സെക്ഷൻ ഓഫീസ് നിർമിക്കുന്നതിനായി 10സെന്റ് വസ്തു അനുവദിച്ചത്. വർഷങ്ങൾ കഴിഞ്ഞതോടെ വസ്തു മുഴുവൻ കാടുപിടിച്ചു. ഒടുവിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എ. നടത്തിയ ഇടപെടലിനെ തുടർന്നാണ് ഓഫീസ് നിർമാണത്തിനായി ജലവിഭവ വകുപ്പ് 48 ലക്ഷം രൂപ അനുവദിച്ചത്.
ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട്, കുറ്റിച്ചൽ, പൂവച്ചൽ, വിളപ്പിൽ പഞ്ചായത്തുകളാണ് ആര്യനാട് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നത്. 11,000-ലധികം ഗാർഹിക ഉപഭോക്താക്കളാണ് പരിധിയിലുള്ളത്. 14-ന് വൈകീട്ട് 5-ന് കെ.എസ്.ശബരീനാഥൻ എം.എൽ.എ.യുടെ അധ്യക്ഷതയിലാണ് ഉദ്ഘാടനച്ചടങ്ങ്.