അരുവിക്കര: തലസ്ഥാന നഗരിയിലേക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനു വേണ്ടി അരുവിക്കരയിലെ ജലശുദ്ധീകരണശാലകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
നഗരത്തിൽ കുടിവെള്ള വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അരുവിക്കരയിൽനിന്ന് ശുദ്ധജലമെത്തിക്കുന്ന 86 എം.എൽ.ഡി., 74 എം.എൽ.ഡി. ജലശുദ്ധീകരണശാലകളുടെ അടിയന്തര നവീകരണ പ്രവർത്തനങ്ങൾ 13-ാം തീയതി മുതൽ നടത്താനാണ് വാട്ടർ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ജലശുദ്ധീകരണ ശാലകളുടെ പ്രവർത്തനം നാലു ഘട്ടമായി നിർത്തിവയ്ക്കേണ്ടിവരും.
ആദ്യഘട്ടം 13-ന് ഉച്ചയ്ക്ക് ആരംഭിക്കും. നവീകരണ പ്രവർത്തനങ്ങളുടെ തുടക്കമെന്നനിലയിൽ 86-74 എം.എൽ.ഡി. ജലശുദ്ധീകരണശാലകളിലെ കോമൺ സബ്സ്റ്റേഷൻ രണ്ടാക്കും. അതിനോടൊപ്പം റോ വാട്ടർ (അശുദ്ധജലം) പമ്പുഹൗസിലെയും ക്ലിയർ വാട്ടർ (ശുദ്ധജലം) പമ്പുഹൗസിലെയും പ്രാധനപ്പെട്ട രണ്ട് പമ്പുകൾവീതം മെയിനിൽനിന്നു താത്കാലികമായി മാറ്റും. ഇവിടെ ഡമ്മി പ്ലാറ്റും വാൽവും സ്ഥാപിക്കും. ഈ സമയം സബ് സ്റ്റേഷനിൽ നിന്ന് പമ്പുഹൗസുകളിലേക്കുള്ള കേബിൾ വർക്കുകളും നടത്തും.
74 എം.എൽ.ഡി. ജലശുദ്ധീകരണശാലയുടെ പ്രവർത്തങ്ങൾ പൂർത്തിയാകാൻ 12 മണിക്കൂർ സമയമെടുക്കും. 86 എം.എൽ.ഡി. ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 11 മണിക്കൂർ വേണ്ടിവരും. ഈ സമയം നഗരത്തിലേക്കുള്ള ജലവിതരണം പൂർണമായും തടസ്സപ്പെടും. 14-ന് ഉച്ചയ്ക്ക് ജലവിതരണം പുനരാരംഭിക്കാൻ സാധിക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ എ.നൗഷാദ് ‘മാതൃഭൂമി’യോടു പറഞ്ഞു.