വർക്കല: റെയിൽവേ സ്റ്റേഷന് മുന്നിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം ഒഴുകുന്നു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ്. സ്റ്റേഷനോടുചേർന്നുള്ള റെയിൽവേ കാന്റീന് മുന്നിലാണ് മലിനജലം ഒഴുകുന്നത്.
കാന്റീനിനും സ്റ്റേഷൻ റോഡിനും മധ്യേ ഏറെ തിരക്കുള്ള ഭാഗത്ത് ദുർഗന്ധം രൂക്ഷമാണ്.
സ്റ്റേഷനിലെത്തുന്നവരും കാൽനടയാത്രക്കാരും മലിനജലത്തിലൂടെ പോകേണ്ട സ്ഥിതിയാണ്. കൊതുകുശല്യവും ഏറെയാണ്. കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തുന്നവരും വീർപ്പുമുട്ടുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മലിനജലം ഒഴുകുകയാണ്. പ്രദേശത്തുള്ളവരും കടക്കാരും ബ്ലീച്ചിങ് പൗഡറിടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ റോഡിന് അഭിമുഖമായിരിക്കുന്ന സസ്യഭോജനശാലയുടെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മാലിന്യമൊഴുകി പടരുന്നത്. ഒന്നരവർഷം മുമ്പും ഇതേപ്രശ്നമുണ്ടായിരുന്നു. അന്ന് പുതിയ ടാങ്ക് നിർമിച്ചെങ്കിലും അതും നിറഞ്ഞതാണ് ഇപ്പോൾ കവിഞ്ഞൊഴുകുന്നത്.
വിവരം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല.