നെയ്യാറ്റിൻകര: പെരുങ്കടവിള പഞ്ചായത്തിൽ പദ്ധതി നിർവഹണം താളംതെറ്റുന്നെന്ന് ആരോപിച്ച് കോൺഗ്രസ് സമരത്തിനൊരുങ്ങുന്നു. പദ്ധതി നിർവഹണത്തിലെ പാളിച്ച കാരണം 50 ലക്ഷം രൂപ നഷ്ടപ്പെടുത്തിയെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പലത്തറയിൽ ഗോപകുമാർ ആരോപിച്ചു.
പഞ്ചായത്തിലെ ടെൻഡർ നടപടികളിൽ അഴിമതിയുണ്ടെന്നും ആരോപിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ട നാലു കോടി രൂപയുടെ വികസന പദ്ധതികൾ ഭരണസമിതിയുടെ ഉദാസീനത കാരണം നഷ്ടമായി.
ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളായ 430 കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായം നൽകിയില്ല. ശ്മശാനം നിർമിക്കാനായി സ്ഥലം വാങ്ങിയതിൽ അഴിമതിയുണ്ടെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22-ന് രാവിലെ പത്തു മുതൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിരാഹാരസമരം സംഘടിപ്പിക്കും. മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്യും. നിരാഹാരസമരം വൈകീട്ട് അഞ്ചുവരെ തുടരും.
നടപ്പാത അടയ്ക്കരുത്
നെയ്യാറ്റിൻകര: പെരുങ്കടവിള വില്ലേജ് ഓഫീസിനും എൽ.പി. സ്കൂളിനുമിടയിൽ നടപ്പാത അടയ്ക്കാനുള്ള വില്ലേജിന്റെ ശ്രമം ഉപേക്ഷിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ പെരുങ്കടവിള മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നടപ്പാതയുടെ വീതികുറച്ച് അടയ്ക്കാനാണ് വില്ലേജ് അധികൃതർ ശ്രമിക്കുന്നത്.
മുന്നൂറോളം കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്നതാണ് ഈ നടപ്പാത. നാട്ടുകാർ കളക്ടർക്കും പോലീസിനും പരാതിനൽകി. വഴി അടയ്ച്ചാൽ സമരം സംഘടിപ്പിക്കുമെന്ന് കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൽ.ആർ.സുദർശനകുമാർ പറഞ്ഞു.
സ്വാഗതസംഘം രൂപവത്കരിച്ചു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ നടക്കുന്ന കേരള ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തോടനുബന്ധിച്ച് ഇരുമ്പിൽ സെന്റ് ജോർജ് ചർച്ചിൽ സ്വാഗതസംഘം രൂപവത്കരിച്ചു. ഇടവക വികാരി റവ. ഫാ.ഷാജു സെബാസ്റ്റ്യൻ അധ്യക്ഷനായി.
ജി.അപ്പു, വർഗീസ്, ബിനു മരുതത്തൂർ, തങ്കരാജൻ, സെബാസ്റ്റ്യൻ, പദ്മിനി, സുനി, ലത, കമലകുമാരി എന്നിവർ പ്രസംഗിച്ചു.