നെയ്യാറ്റിൻകര: ജൈവവൈവിധ്യ സമ്പന്നമായ ആനാവൂർ കക്കോട്ടുപാറയിൽ സർക്കാർ പുറമ്പോക്കിൽ പാറഖനനത്തിന് വീണ്ടും നീക്കം. ഇവിടത്തെ എട്ടേക്കറോളം പുറമ്പോക്ക് ഭൂമി ജില്ലാ ഭരണകൂടം സ്വകാര്യസ്ഥാപനത്തിന് പാട്ടത്തിന് നൽകുന്നു. കക്കോട്ടുപാറയും പുറമ്പോക്ക് ഭൂമിയും സംരക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും പാറപൊട്ടിക്കാൻ നീക്കം നടക്കുന്നത്. അതിനിടെ ഖനനലോബി പാറയിൽ വർഷങ്ങളായുള്ള വേൽമല മുരുകക്ഷേത്രം ഭാഗികമായി തകർത്തു.
പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയായുള്ളതാണ് കുന്നത്തുകാൽ പഞ്ചായത്തിലെ ആനാവൂർ കക്കോട്ടുപാറ. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പാണ്ഡവൻപാറയ്ക്ക് സമീപത്താണ് കക്കോട്ടുപാറ. ഇവിടെയാണ് വേൽമല മുരുക ക്ഷേത്രമുള്ളത്. എല്ലാ വർഷവും വൃശ്ചികം ഒന്നുമുതൽ നാല്പത്തിയൊന്നു ദിവസം പൂജയുള്ളതാണ് ഇവിടത്തെ ക്ഷേത്രം.
ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തകർത്തനിലയിലാണ്. ഇവിടെ ഖനനാനുമതി ലഭിക്കുന്നതിന് മുൻപായി പാറപൊട്ടിക്കാനാണ് ശ്രമം നടക്കുന്നത്. കക്കോട്ടുപാറയിലെ സർക്കാർ പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തണൽവേദി ജനറൽ സെക്രട്ടറി എസ്.ഉണ്ണികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കക്കോട്ടുപാറ സംരക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് ആനാവൂർ വില്ലേജിൽ ഉൾപ്പെടുന്ന റീസർവേ 38-ൽ 115-1, 115-7 എന്നീ സർവേ നമ്പരുകളിലെ പുറമ്പോക്ക് ഖനനത്തിനായി സ്വകാര്യവ്യക്തിക്ക് നൽകാൻ നീക്കം നടക്കുന്നത്. കക്കോട്ടുപാറയിൽ എട്ടുവർഷം മുൻപാണ് ഖനനത്തിനുള്ള നീക്കം തുടങ്ങിയത്. ജൈവവൈവിധ്യമായ കക്കോട്ടുപാറയിൽ ഖനനാനുമതി നൽകുന്നതിനെതിരേ ജനകീയ പ്രക്ഷോഭം ഉയർന്നുവന്നിരുന്നു. തുടർന്ന് പാറപൊട്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
വീണ്ടും ഇവിടെ ഖനനം നടത്താനായുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ പുറമ്പോക്ക് പാട്ടത്തിന് ഖനനം നടത്തുന്നതിന് തടസ്സമില്ലെന്ന നിലപാടിലാണ് താലൂക്ക് അധികൃതർ. ഇത്തരത്തിലുള്ള റിപ്പോർട്ട് തഹസിൽദാർ ജില്ലാ കളക്ടർക്ക് കൈമാറിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യവ്യക്തിക്ക് പുറമ്പോക്ക് പാട്ടത്തിന് നൽകാനുള്ള നീക്കമാണ് നടക്കുന്നത്.
ഖനനത്തിനെതിരേ സി.പി.എം. ജില്ലാനേതൃത്വം
കക്കോട്ടുപാറയിൽ പാറയെടുക്കാനുള്ള നീക്കത്തിനെതിരേ സി.പി.എം. ജില്ലാ നേതൃത്വം രംഗത്ത്. ആനാവൂർ സ്‌കൂളും ക്ഷേത്രവും 300 കുടുംബങ്ങളുമുള്ള പ്രദേശത്ത് ഖനനം നടത്താനാവില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഖനനലോബി പുറമ്പോക്ക് ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമം നടക്കുന്നത്.
ഇവിടെ ഖനനം നടത്തുന്നതിന് അനുമതി നൽകരുതെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രിക്ക് പരാതി നൽകിയതായും ആനാവൂർ നാഗപ്പൻ പറഞ്ഞു. സർക്കാർ പുറമ്പോക്കിന് ചുറ്റുമുള്ള ഭൂമി സ്വകാര്യവ്യക്തി വാങ്ങിയിട്ടുണ്ട്. ഇതിന്റെ മറയിലാണ് പാറഖനനം നടത്താൻ ശ്രമിക്കുന്നത്. ഇതിനെ ശക്തമായി നേരിടുമെന്നും അദേഹം വ്യക്തമാക്കി.
പാട്ട അപേക്ഷകൾ കൈമാറി
കക്കോട്ടുപാറയിൽ സർക്കാർ പുറമ്പോക്ക് ഭൂമി പാട്ടത്തിന് നൽകാനായി മൂന്ന് അപേക്ഷകളാണ് ലഭിച്ചത്. ഇത് ജില്ലാ കളക്ടർക്ക് കൈമാറി. പാട്ടാനുമതി നൽകേണ്ടത് കളക്ടറാണ്.
-മോഹൻകുമാർ,
തഹസിൽദാർ
നെയ്യാറ്റിൻകര താലൂക്ക്.