വലിയതുറ: മുട്ടത്തറ സ്വീവേജ് ഫാം വളപ്പില്‍ മോഡേണ്‍ ഗവ. റിസര്‍ച്ച് സെന്റര്‍ ഫോര്‍ സര്‍വേക്ക് സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരുടെ സംഘം തടഞ്ഞുവെച്ചു. തങ്ങള്‍ക്ക് വീടുവെച്ച് നല്‍കാനായി സര്‍ക്കാര്‍ അനുവദിച്ച രണ്ടേക്കര്‍ സ്ഥലം നല്‍കാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലായെന്ന് കാട്ടിയാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്.
വികലാംഗകോളനിയടക്കമുള്ള സ്ഥലത്തെ 100 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടുവെച്ച് നല്‍കാനായി രണ്ടര ഏക്കര്‍ സ്ഥലം നല്‍കുമെന്ന് എം.എല്‍.എ.യും മന്ത്രിയുമായ വി.എസ്.ശിവകുമാര്‍, മുന്‍മന്ത്രി വി.സുരേന്ദ്രന്‍ പിള്ള എന്നിവര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ വാഗ്ദാനം പാലിച്ചില്ലായെന്ന് കാട്ടിയാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. സംഭവത്തെ തുടര്‍ന്ന് വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിദാ നാസര്‍ സ്ഥലത്തെത്തി.
110 ഏക്കര്‍ ഭൂമിയില്‍ വിവിധ വകുപ്പുകള്‍ക്കും എയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ക്കും സ്ഥലം വീതിച്ച് നല്‍കിയിരുന്നു. ഓരോ വകുപ്പുകള്‍ക്ക് സ്ഥലം നല്‍കുമ്പോഴും 100 ഓളം കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കുമെന്നായിരുന്നു നാട്ടുകാര്‍ക്ക് മന്ത്രിയടക്കമുള്ളവര്‍ വാഗ്ദാനം നല്‍കിയിരുന്നത്. തങ്ങള്‍ക്ക് അനുവദിച്ച സ്ഥലം വിട്ടുനല്‍കാതെ ഇനി ഒരു ഏജന്‍സിക്കും സ്ഥലമെടുക്കാന്‍ അനുവദിക്കില്ലായെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍ . ജനരോഷം വര്‍ധിച്ചതിനെ തുടര്‍ന്ന് സബ്കളക്ടര്‍ എസ്. കാര്‍ത്തികേയന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഫയലുകള്‍ പരിശോധിച്ചതിന് ശേഷം ബാക്കിയുള്ള നടപടികള്‍ തുടരുകയുള്ളൂവെന്ന് സബ്കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.