അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ അങ്കണവാടി പ്രവർത്തിക്കുന്നത് എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ. അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയാണ് കെട്ടിടത്തിന്റെ പഴക്കം കാരണം രക്ഷാകർത്താക്കളെ ഭീതിയിലാഴ്ത്തുന്നത്. ആറാം വാർഡിൽ രണ്ട് അങ്കണവാടികളാണുള്ളത്. രണ്ടും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ പത്താം നമ്പർ അങ്കണവാടിയാണ് കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ദുരവസ്ഥയിലായിരിക്കുന്നത്.

വിദ്യാർഥികളുടെ പഠനവും പ്രവർത്തനങ്ങളും തകര ഷീറ്റിട്ട പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ്. വൈദ്യുതി ഇല്ലാത്ത ഈ കെട്ടിടത്തിലാണ് 25 കുഞ്ഞുങ്ങൾ മഴയത്തും വെയിലത്തും പഠനം നടത്തുന്നത്. തകര ഷീറ്റിന്റെ അടിയിൽ ചൂടും തണുപ്പും സഹിച്ചു കഴിയുന്ന കുട്ടികളിൽ പലർക്കും അസുഖം പതിവാണ്.

കയർ,മീൻപിടിത്ത തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. അഞ്ചുവർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണ സമിതി അഞ്ചുതെങ്ങിൽ തീപിടിത്തതിന് ഇരയായവരെ പുനരധിവസിപ്പിക്കാൻ കേട്ടുപുരയിൽ ഏറ്റെടുത്ത ഭൂമിയിൽ, ബാക്കി വന്ന കുറച്ചു സ്ഥലത്ത് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിനായി റവന്യൂവകുപ്പിനോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ നാളിതുവരെയായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

ഏറ്റവുമൊടുവിൽ ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി മാസങ്ങൾക്ക് മുമ്പ് ജില്ലാ വികസന സമിതിയിൽ ഇക്കാര്യം ആരാഞ്ഞപ്പോൾ ആവശ്യമായ റിപ്പോർട്ട് രണ്ടുവർഷം മുമ്പ് ലാൻഡ് റവന്യൂ കമ്മിഷണർക്ക് നൽകിയിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചത്. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ അന്വേഷിച്ചപ്പോൾ ഫയൽ കളക്ടറേറ്റിൽ അയച്ചതായാണ് വിവരം.

അങ്കണവാടിയ്ക്ക് അടച്ചുറപ്പുള്ള സ്ഥിരം കെട്ടിടമെന്ന സ്വപ്‌നം ചുവപ്പുനാടയിൽ കുരുങ്ങി അനിശ്ചിതമമായി നീളുന്നതിനാൽ വാർഡംഗം റവന്യൂ മന്ത്രിക്കും പരാതി നൽകിയിരുന്നു. ഇത് വീണ്ടും കളക്ടർക്ക് അയച്ചു എന്ന മറുപടിയാണ് വീണ്ടും ലഭിച്ചതെന്ന് വാർഡംഗം പ്രവീൺ ചന്ദ്ര പറഞ്ഞു. ഏറെ പഴയ കെട്ടിടത്തിനുകീഴിൽ പ്രതീക്ഷകളോടെ കഴിയുന്ന കുരുന്നുകളുടെ ഭാവിയെപ്പറ്റിയാണ് നാട്ടുകാരുടേയും രക്ഷകർത്താക്കളുേടയും ഇപ്പോഴത്തെ ആശങ്ക.