ചിറയിൻകീഴ്: അഞ്ചുതെങ്ങ് ജലോത്സവം സമാപിച്ചു. വള്ളംകളിയുടെ ഫ്ളാഗ് ഓഫ് മീരാൻകടവ് പാലത്തിനു സമീപം ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.വി.ബേബി നിർവഹിച്ചു. ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ ബി.എൻ.സൈജുരാജ് അധ്യക്ഷനായി.
വള്ളംകളി മത്സരത്തിൽ കാക്കാമൂല ബ്രദേഴ്‌സ് ബോട്ട് റേസ് ക്ലബ്ബ് ഒന്നാം സമ്മാനവും ബ്ലൂ ബേർഡ്‌സ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് രണ്ടാം സമ്മാനവും വടക്കേക്കര ചുണ്ടൻ ഊക്കോട് മൂന്നാം സമ്മാനവും കിഴക്കേക്കര ചുണ്ടൻ നാലാം സമ്മാനവും നേടി.
മലയാള പ്രൊഫഷണൽ നാടക മത്സരത്തിൽ ഒന്നാം സമ്മാനം തിരുവനന്തപുരം വേദവ്യാസയുടെ ‘മറിമായം’ എന്ന നാടകവും രണ്ടാം സമ്മാനം മൈനാകപ്പള്ളി ചാണക്യൻ തിയേറ്റർ ഗ്രൂപ്പിന്റെ ‘ഏറ്റം’ എന്ന നാടകവും നേടി. നാടക രചനയ്ക്ക് വി.ആർ.സുരേന്ദ്രൻ (നാടകം-മറിമായം, സെക്യൂരിറ്റി), മികച്ച സംവിധാനത്തിന് രാജേഷ് ഇരുളം (ഏറ്റം), മികച്ച നടനായി ആലപ്പി ജോൺസൺ (ഇവൻ നായിക), മികച്ച നടിയായി ഷൈനി കാരചുണ്ട് (ഏറ്റം), സ്പെഷ്യൽ ജൂറി പുരസ്കാരം പ്രദീപ് നീലാംബരി (ഇവൻ നായിക), കിരൺബാബു (കുരങ്ങു മനുഷ്യൻ) എന്നിവർക്കും ലഭിച്ചു.
കഥാപ്രസംഗ മത്സരവും ഉണ്ടായിരുന്നു. സമാപനസമ്മേളനം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എസ്.പ്രവീൺചന്ദ്ര അധ്യക്ഷനായി. വട്ടപ്പറമ്പിൽ പീതാംബരൻ, ആറ്റിങ്ങൽ വി.എസ്.അജിത് കുമാർ, കടയ്ക്കാവൂർ അജയബോസ്, എൻ.ജ്യോതി ബാസു, വനജാബോസ്, സുനി പി. കായിക്കര, എം.കെ.സുൽഫിക്കർ, ശ്യാം കടയ്ക്കാവൂർ, അനീഷ് പെരിനാട്, ജി.ബാബുക്കുട്ടൻ, എസ്. സുനിൽകുമാർ, ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ ബി.എൻ.സൈജുരാജ്, പിറവി ഉപദേശക സമിതി കൺവീനർ ജി.മനോജ് കുമാർ എന്നിവർ സംസാരിച്ചു.