നെയ്യാറ്റിൻകര: അഴുകിയ മാംസാവശിഷ്ടങ്ങൾ കയറ്റിയ ടാങ്കർ ലോറി വീണ്ടും അമരവിളയിൽ ഉപേക്ഷിച്ചു. കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ ഈ ഭാഗത്തുള്ളവരും യാത്രക്കാരും ദുരിതത്തിലാണ്.

അമരവിള പാലത്തിനുസമീപം തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന റോഡിലാണ് ടാങ്കർ നിർത്തിയിട്ടിരിക്കുന്നത്. ടാങ്കറിന്റെ വിടവിലൂടെ മാംസാവശിഷ്ടങ്ങൾ പുറത്തേക്കു തള്ളിയനിലയിലാണ്. ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക്‌ ഒഴുകുകയാണ്.

കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള അറവുമാലിന്യങ്ങൾ ലോറികളിലും ടാങ്കറുകളിലുമാക്കി തമിഴ്‌നാട്ടിലെ വളം ഫാക്ടറികളിലേക്കു കൊണ്ടുപോകാറുണ്ട്. എന്നാൽ, ഇത്തരം ലോറികൾ രാത്രിയിൽ അതിർത്തി കടക്കാൻ തമിഴ്‌നാട് പോലീസ് അനുവദിക്കാറില്ല. അതുകൊണ്ട് മാംസാവശിഷ്ടങ്ങൾ കയറ്റിയെത്തുന്ന ലോറികൾ രാത്രിയിൽ പാറശ്ശാല അതിർത്തിപ്രദേശത്ത് കൊണ്ടിടുകയാണ് പതിവ്.

കഴിഞ്ഞ മാസവും മാംസാവശിഷ്ടങ്ങൾ കയറ്റിയ ലോറി അമരവിളയിൽ ഉപേക്ഷിച്ചുപോയിരുന്നു. പകൽ സമയത്ത് ഇത്തരത്തിൽ ഉപേക്ഷിച്ചുപോകുന്ന ലോറികൾ പുലർച്ചെയാകുമ്പോൾ ഡ്രൈവർ എത്തി തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകും. എന്നാൽ, അത്രയും സമയം ഇതുവഴിപോകുന്നവർ ദുർഗന്ധം സഹിക്കേണ്ടിവരും. വഴിയരികിൽ മാംസാവശിഷ്ടങ്ങൾ കയറ്റിയ ലോറികൾ ഉപേക്ഷിച്ചുപോകുന്നത് തടയാൻ പോലീസ് പരിശോധന ശക്തമാക്കണമെന്ന് കൗൺസിലർ ഗ്രാമം പ്രവീൺ ആവശ്യപ്പെട്ടു.