വർക്കല: ഓട്ടിസം വെല്ലുവിളി നേരിടുന്ന നിർധന കുടുംബത്തിലെ വിദ്യാർഥിനിക്ക് കാരുണ്യഹസ്തവുമായി വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിലെ പൂർവ വിദ്യാർഥി കൂട്ടായ്മ. 1991 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ കുട്ടിക്കാലം-91 ആണ് വിദ്യാർഥിനിക്ക് സഹായമൊരുക്കിയത്. കൂട്ടായ്മ സ്കൂളിൽ സംഘടിപ്പിച്ച പൂർവ അധ്യാപക-വിദ്യാർഥി സംഗമമാണ് നന്മയുടെ ഒത്തുചേരൽ കൂടിയായത്. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവികയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായമാണ് കൂട്ടായ്മ സമാഹരിച്ച് നൽകിയത്.

വർക്കല ചെറുകുന്നം പന്തുകളം ഈഞ്ചയിൽ വീട്ടിൽ മണിക്കുട്ടന്റെയും മാലിനിയുടെയും മകളാണ് ദേവിക. ജനനസമയത്ത് ജന്നി വന്നതിനെത്തുടർന്നാണ് ഓട്ടിസം അവസ്ഥയുണ്ടായത്. കൂലിപ്പണിക്കാരനായ മണിക്കുട്ടന്റെ വരുമാനം മാത്രമാണ് കുടുംബത്തിനാകെയുള്ളത്. അപകടത്തിൽ പരിക്കേറ്റ മണിക്കുട്ടൻ കിടപ്പിലാണ്. വാഹനത്തിലാണ് കുട്ടിയെ സ്കൂളിലെത്തിക്കുന്നത്. ഇങ്ങനെ വിദ്യാഭ്യാസത്തിനും കുട്ടിയെ പരിപാലിക്കാനുമുള്ള ചെലവുകൾ താങ്ങാനുള്ള വരുമാനം കുടുംബത്തിനില്ല.

കൂട്ടായ്മയിലെ അംഗമായ സ്‌കൂളിലെ അധ്യാപികയിൽ നിന്നുമാണ് കുട്ടിയുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ പൂർവ വിദ്യാർഥി കൂട്ടായ്മ മനസ്സിലാക്കിയത്. ഇതോടെ 28 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ ആഘോഷം മാത്രമല്ല നല്ലകാര്യം ചെയ്യാൻകൂടി ഒരേ മനസ്സോടെ തീരുമാനമെടുത്ത് കുടുംബത്തെ സഹായിക്കാൻ മുന്നോട്ടു വരികയായിരുന്നു. ചടങ്ങിൽ പൂർവാധ്യാപകർ ചേർന്ന് കുടുംബത്തിന് സഹായധനം കൈമാറി. കുട്ടിയുടെ പേരിൽ തുക ബാങ്കിൽ സ്ഥിര നിക്ഷേപമാക്കി ഇട്ടു.

പൂർവ അധ്യാപക വിദ്യാർഥി സംഗമം പൂർവ അധ്യാപകർ ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഇതോടെ അധ്യാപക വിദ്യാർഥി സംഗമം പഴയ ക്ലാസ് മുറിയുടെ അനുഭവം ഏവരിലും നിറച്ചു. അധ്യാപകർക്ക്‌ ഓണക്കോടി നൽകി വിദ്യാർഥികൾ ആദരിച്ചു. കലാപരിപാടികൾ, സദ്യ എന്നിവയുമായി പഴയ കൂട്ടുകാർ പഠിച്ച സ്‌കൂളിൽ സന്തോഷത്തോടെ ഒരുദിനം പങ്കിട്ടു. ഇതിനേക്കാൾ നല്ല കാര്യങ്ങൾ ചെയ്യാനായി അടുത്ത വർഷം വീണ്ടും ഒന്നിക്കാമെന്ന തീരുമാനത്തിലാണ് പഴയ കൂട്ടുകാർ സൗഹൃദം പുതുക്കി മടങ്ങിയത്.