രൂപയുംകൊണ്ട് : അഭിജിത് സൈക്കിൾ ചവിട്ടിത്തുടങ്ങി...
• അഭിജിത് സൈക്കിൾ യാത്രയ്ക്കിടെ ശനിയാഴ്ച
കാസർകോട് ബേക്കൽ കോട്ടയ്ക്ക് മുന്നിലെത്തിയപ്പോൾ

തിരുവനന്തപുരം : ''എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും'' -ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവലിലെ പ്രശസ്തമായ വരികൾ. തിരുവനന്തപുരം സ്വദേശിയായ എ.എസ്.അഭിജിത്തിനെ ഈ വാക്കുകൾ ആവേശംകൊള്ളിച്ചു. ചെറുപ്രായത്തിലെ മനസ്സിൽ കുടിയേറിയ ആഗ്രഹത്തിനായി അവൻ ശ്രമിക്കാത്ത വഴികളില്ല. ഒടുവിൽ കൈയിലുള്ള കുറച്ചുപണവുമായി അഭിജിത്ത് യാത്രതിരിച്ചു. നാടും നാട്ടുകാരും കൂടെയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ.

സ്വന്തം നാടായ വട്ടിയൂർക്കാവിൽനിന്നും സൈക്കിൾ ചവിട്ടി രാജ്യം മുഴുവൻ കാണുന്നതിനാണ് അഭിജിത്തിന്റെ യാത്ര. സൈക്ലിസ്റ്റും യാത്രകൾ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ പ്രതിനിധികൂടിയായ അഭിജിത് ജൂലായ് 26-നാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. പുതിയ സ്ഥലങ്ങൾ, കാഴ്ചകൾ, ചങ്ങാതിമാർ, ആശയങ്ങൾ... ഒരുപാട് അനുഭവങ്ങൾ ഈ യാത്രയിൽ നിന്നും നേടിയെടുക്കാൻ കഴിയുമെന്നും അഭിജിത് കരുതുന്നു.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ അശ്വതി ഭവനിൽ പരേതനായ കെ.അനിൽകുമാറിന്റെയും ശ്രീലതയുടെയും മകനാണ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിജിത്. 2017-ൽ ടൈൽസ് ഷോപ്പ് ആരംഭിച്ചു. നോട്ടുനിരോധനസമയം കട നഷ്ടത്തിലായി, പൂട്ടി. കൈയിലുണ്ടായിരുന്ന കുറച്ചു കാശ് കൊണ്ടൊരു കാർ വാങ്ങി. ടാക്‌സിയായി ഓടിത്തുടങ്ങി. ഇതിനിടെ, തിരുവനന്തപുരത്ത് ചൈൽഡ് ലൈനിലും ജോലിചെയ്തു. ഇക്കാലമത്രയും രാജ്യസഞ്ചാരമെന്ന സ്വപ്നം ഉള്ളിൽ ‘പൊന്നുപോലെ’ കാത്തുസൂക്ഷിച്ചു. എന്നാൽ, പ്രതികൂല സാഹചര്യങ്ങൾ യാത്രയെ നിരന്തരം തടസ്സപ്പെടുത്തി.

ഒടുവിൽ വാങ്ങിയ സൈക്കിളിൽ യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെന്റും യാത്രയ്ക്കാവശ്യമായ സാധനങ്ങളും വാങ്ങി. 1500 രൂപയാണ് ആകെ കൈവശമുള്ളത്. സഞ്ചാരലക്ഷ്യം അറിഞ്ഞ് ആളുകൾ വഴിനീളെ സംസാരിക്കാനും പിന്തുണയ്ക്കാനുമെത്തുന്നുണ്ടെന്ന് 27-കാരനായ അഭിജിത് പറഞ്ഞു. വർക്കല വഴി ആലപ്പുഴയിലേക്കായിരുന്നു ആദ്യ യാത്ര. അവിടെ ഹൗസ് ബോട്ടിൽ താമസിക്കാൻ സൗകര്യം ലഭിച്ചു. അതിർത്തി കഴിഞ്ഞാൽ പെട്രോൾ പമ്പിലും മറ്റും ടെന്റ് അടിച്ച് താമസിക്കാമെന്നാണ് കരുതുന്നത്. യാത്രയുടെ വിശദാംശങ്ങൾ അപ്പപ്പോൾ സാമൂഹികമാധ്യമങ്ങളിലും സ്വന്തം യു ട്യൂബ് ചാനലായ 'വണ്ടേഴ്‌സ് ഓഫ് മൈ ലൈഫ്-അബി'യിലും പങ്കുവെയ്ക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കിയല്ല യാത്ര. രണ്ടുമാസം സൈക്കിളിൽ യാത്രചെയ്യുക.

തീവണ്ടി കയറി തിരികെ വീട്ടിലെത്തുക. വീട്ടിലെ കാര്യങ്ങൾ നോക്കുക. വീണ്ടും യാത്ര അവസാനിച്ചിടത്തേക്കു തിരിച്ചെത്തുക. യാത്ര തുടരുക- കാസർകോട്ടു നിന്നും കർണാടകയിലേക്കുള്ള സൈക്കിൾ സവാരിക്കിടെ അഭിജിത് പറഞ്ഞു.