അവിനാശിക്കു സമീപം കെ.എസ്.ആർ.ടി.സി. വോൾവോ ബസിൽ നിയന്ത്രണംവിട്ട കണ്ടെയ്‌നർ ലോറി ഇടിച്ച് 19 മലയാളികളുടെ ജീവൻ പൊലിഞ്ഞു. ഈ ദുരന്തത്തിൽനിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. തിരുവിതാംകൂറിൽ പൊതുഗതാഗതത്തിന് തുടക്കം കുറിച്ചതിന്റെ 82-ാം പിറന്നാൾ ദിനത്തിലാണ് ഈ ദുരന്തം.

ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത്, ദിവാൻ സർ സി.പി.രാമസ്വാമി അയ്യരാണ് സർക്കാർ നിയന്ത്രണത്തിൽ പൊതുഗതാഗതം കൊണ്ടുവന്നതും ട്രാൻസ്‌പോർട്ട് വകുപ്പ് രൂപവത്കരിച്ചതും. 1113 കുംഭം 6 (1938 ഫെബ്രുവരി 20) നാണ് മഹാരാജാവിനേയും ദിവാനേയും ജനപ്രതിനിധികളേയും പൗരമുഖ്യന്മാരേയും കയറ്റി ഈ നഗരത്തിലൂടെ മുപ്പത്തിമൂന്ന് സർക്കാർ ബസുകൾ സഞ്ചരിച്ചത്. ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് റോഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ് സൂപ്രണ്ട് ഇ.ജി. സാൾട്ടർ ആണ് ബസുകളുടെ നിർമാണത്തിന് നേതൃത്വം നൽകിയത്.

ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം മുതൽ നഗരത്തിലും നാഗർകോവിലിലേക്കും കന്യാകുമാരിയിലേക്കും സർവീസ് തുടങ്ങി. 23 പേർക്ക് സഞ്ചരിക്കാവുന്ന ബസുകളാണ് ആദ്യം ഉണ്ടായിരുന്നത്. മൈലിന് അര ചക്രമായിരുന്നു ടിക്കറ്റ് നിരക്ക്. മൂന്നു മുതൽ പതിന്നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് പകുതി നിരക്ക്.

ഒന്നാം ക്ലാസ് ഇരിപ്പിടങ്ങൾക്ക് നിരക്കിനേക്കാൾ 50 ശതമാനം കൂടുതൽ നൽകണം. ഗതാഗത സുരക്ഷാനിർദേശങ്ങളും അന്ന് സർക്കാർ പ്രസിദ്ധീകരിച്ചു. 1965 ഏപ്രിൽ ഒന്നിനാണ് വകുപ്പ് കൂടുതൽ സ്വയംഭരണാധികാരമുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനായത് .

ഗതാഗതം കുതിരവണ്ടി (ജഡുക്ക) കളിലും കാളവണ്ടികളിലും ഒതുങ്ങിനിന്ന കാലത്തുപോലും ശക്തമായ ചിട്ടകൾ ഏർപ്പെടുത്തിയിരുന്നു. ചാലയിലെ ’വണ്ടിത്തടം’ ആയിരുന്നു കാളവണ്ടികളുടെ കേന്ദ്രം എന്ന് പഴയ രേഖകളിൽ കാണാം. സ്വാതിതിരുനാളിന്റെ ഭരണാവസാനകാലത്താണ് ചാലയിൽ ആദ്യമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. കാളവണ്ടികളേയും കൈവണ്ടികളേയും നിയന്ത്രിക്കാനായിരുന്നു ആ നിയമം.

ദിവാൻ പേഷ്‌ക്കാർ ശ്രീനിവാസരായർ പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ ആറുമുഖം എന്നൊരാളിന്റെ തലയിൽ വണ്ടി ഇടിച്ച് പരിക്കേറ്റതായും ചാല, കോട്ടക്കകത്തെ നാല് തെരുവുകൾ, വള്ളക്കടവ്, കരമന, പുത്തൻചന്ത, തൈക്കാട് ഉൾപ്പെടെ രാജപാതകൾ എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ വണ്ടി ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായും പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്കു ശേഷം ചാലയിലെ ഗതാഗത നിയന്ത്രണം പോലീസുകാരും കച്ചവടക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.

വള്ളക്കടവിൽനിന്നും സാധനങ്ങളുമായി ചാലയിലെത്തിയ കാളവണ്ടിക്കാരനെ പോലീസ് മർദ്ദിച്ചു. കച്ചവടക്കാരുടെ കടയടപ്പും, പോലീസും കച്ചവടക്കാരും തമ്മിലുള്ള ഏറ്റുമുട്ടലും കോട്ടയ്ക്കകത്തുള്ള കൊട്ടാരത്തിനുനേരെയുള്ള കല്ലേറുമായി സംഘർഷം പടർന്നു. 1908 ജൂൺ എട്ടിന് നടന്ന ഈ സംഭവം ‘ചാല ലഹള’ എന്ന പേരിൽ ചരിത്രം രേഖപ്പെടുത്തി.

അരുമന ശ്രീനാരായണൻതമ്പിയാണ് ആദ്യമായി നഗരത്തിൽ കരിവണ്ടികളും പെട്രോൾ ബസുകളും കൊണ്ടുവന്നത്. പിന്നീട് ബസ് സർവീസുകൾ വ്യാപകമായി. എന്നാൽ സുരക്ഷ, കൃത്യനിഷ്ഠ എന്നിവ പാലിക്കാറില്ലായിരുന്നു.

പൊതുജന നന്മക്ക് ഗതാഗതം പരിഷ്‌ക്കരിക്കണമെന്നത് അത്യന്താപേക്ഷിതവും സർക്കാരിന്റെ കർത്തവ്യവും ആണെന്ന് പ്രസ്‌ കമ്മ്യൂണിക്കയിലൂടെ വിശദമാക്കികൊണ്ടാണ് തിരുവിതാംകൂർ സർക്കാർ ട്രാൻസ്പോർട്ട് വകുപ്പിന് കീഴിൽ ബസുകൾ ആരംഭിച്ചത്.

എന്നാൽ കാലത്തിനൊത്ത് നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാനോ, റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനോ സർക്കാരിന് കഴിയുന്നില്ല. അടിക്കടി അപകടങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. അവിനാശി അപകടം ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ...

Content Highlight: 82'th birthday of Travancore transport